കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ടെങ്കിലും 100 കോടി ക്ലബ്ബിൽ ആദ്യം കയറിയത് ഞാൻ, നമ്മുടെ പയ്യൻ ഫഹദ് വൈകാതെ കയറും: ശ്യാം പുഷ്കരൻ

സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്. 100 കോടി നേട്ടത്തിന് പിന്നാലെ വലിയ രീതിയിൽ പ്രേക്ഷകർ പ്രേമലു ഏറ്റെടുത്തിരുന്നു.

നസ്ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ തുടങ്ങിയവരുടെ ഗംഭീര പ്രകടനത്തോടൊപ്പം തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രമായിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ അവതരിപ്പിച്ച പമ്പാവാസൻ എന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് പാർട്ടിക്കിടെ ശ്യാം പുഷ്കരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ടെങ്കിലും ആദ്യമായി 100 കോടി ക്ലബ്ബിൽ താനാണെന്നും ഫഹദ് വൈകാതെ കയറുമെന്നും ശ്യാം പുഷ്കരൻ തമാശരൂപേണ പറയുന്നു.

“നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയകുലപതികൾ ഉണ്ട്, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് എന്നിങ്ങനെ. എന്നാൽ അഭിനേതാവ് എന്ന നിലയിൽ 100 കോടി ക്ലബിൽ ആദ്യമായി കയറിയത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് ഫാസിൽ താമസമില്ലാതെ കയറും.” എന്നാണ് ശ്യാം പുഷ്കരൻ പറഞ്ഞത്.

പ്രേമലു രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. 2025-ലാണ് പ്രേമലു 2 റിലീസ്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Read more