മിഷന്‍ സിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ടുയര്‍ന്ന പരിഹാസ ട്രോളുകള്‍ക്ക് ഒടുവില്‍ മറുപടിയുമായി നടന്‍ കൈലാഷ്. സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്നും മഹാനടന്മാരെ കണ്ടുപഠിക്കാനാണ് ശ്രമിക്കുന്നതെന്നും കൈലാഷ് പറഞ്ഞു.
അതേസമയം മനഃപൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകുമെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ സിയ്ക്ക് ശേഷമുള്ള ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി വയനാട്ടിലേക്ക് പോയിരിക്കുകയായിരുന്നെന്നും ഏറെ കഴിഞ്ഞാണ് ട്രോളുകളെ കുറിച്ച് അറിഞ്ഞതെന്നും കൈലാഷ് പറയുന്നു. സ്‌നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമേയുള്ളുവെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞത്. കൈലാഷിനെതിരെ ഉയര്‍ന്ന അധിക്ഷേപ ട്രോളുകളില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.മിഷന്‍ സിയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂരിനും നടന്‍ അപ്പാനി ശരത്തിനും പിന്നാലെ സംവിധായകന്‍ അരുണ്‍ ഗോപിയും വി.എ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും നടന് പിന്തുണയുമായെത്തിയിരുന്നു.