പകര്‍പ്പവകാശ ഹര്‍ജിയില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഇത്തരം വിവാദങ്ങളില്‍ താന്‍ ശ്രദ്ധ കൊടുക്കാറില്ല, ഈ സമയത്ത് പുതിയൊരു സിംഫണി ഒരുക്കുന്ന തിരക്കിലാണ് താന്‍ എന്നാണ് ഇളയരാജ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
”എന്നെ കുറിച്ച് പല തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്ക് വേണ്ടപ്പെട്ടവര്‍ പലരും പറഞ്ഞു. ഞാന്‍ അവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. എന്റെ ജോലിയില്‍ ശ്രദ്ധിക്കുക എന്നതാണ് എനിക്ക് പ്രധാനം.”
”ഞാനെന്റെ വഴിയില്‍ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്റെ പേര് ഈ തരത്തില്‍ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ തന്നെ 35 ദിവസങ്ങള്‍ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീര്‍ത്തു.”
”എനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കില്‍ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാല്‍, ഇപ്പോള്‍ എഴുതി തീര്‍ത്ത സിംഫണി ശുദ്ധമായ ഒന്നാണ്.”
”എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ഈ സിംഫണി സമര്‍പ്പിക്കുന്നു” എന്നാണ് ഇളയരാജ പറയുന്നത്. ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകള്‍ വിവിധ സിനിമാ നിര്‍മാതാക്കളില്‍ നിന്നു എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍, പാട്ടുകളുടെ പകര്‍പ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഇതിനെ എതിര്‍ത്തായിരുന്നു കമ്പനി അപ്പീല്‍ സമര്‍പ്പിച്ചത്.