ഞാനും ദീപികയും തുല്യദുഃഖിതര്‍ ആയിരുന്നു.. അതായിരുന്നു അവര്‍ക്ക് എന്നോടുള്ള പ്രത്യേക താത്പര്യത്തിന് കാരണം: അന്ന ബെന്‍

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ നടി അന്ന ബെന്നിന്റെ പ്രകടനം കൈയ്യടികള്‍ നേടിയിരുന്നു. വിമത പോരാളിയായ കയ്‌റ എന്ന കഥാപാത്രത്തെയാണ് അന്ന ബെന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നടിയുടെ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. കല്‍ക്കിയില്‍ ദീപിക പദുക്കോണിന് ഒപ്പമായിരുന്നു അന്നയ്ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്.

കല്‍ക്കിയുടെ സെറ്റില്‍ ദീപികയും താനും തുല്യദുഃഖിതര്‍ ആയിരുന്നുവെന്ന് പറയുകയാണ് അന്ന ഇപ്പോള്‍. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന പ്രതികരിച്ചത്. രണ്ട് പേര്‍ക്കും തെലുങ്ക് അറിയില്ലായിരുന്നു എന്നാണ് അന്ന പറയുന്നത്.

”ഞാനും ദീപിക മാഡവും കുറച്ച് ദിവസങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ രണ്ടുപേരും ഉള്ള സീനുകള്‍ കുറവായിരുന്നു. മലയാളിയാണെന്ന് കേട്ടപ്പോള്‍ വലിയ സ്‌നേഹമായിരുന്നു അവര്‍ക്ക് മലയാള സിനമ അവര്‍ കാണാറുണ്ട്. സെറ്റില്‍ വച്ച് അവര്‍ എന്നോട് പറഞ്ഞു, കുമ്പളങ്ങി നൈറ്റ്‌സ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.”

”പക്ഷേ, രണ്‍വീര്‍ സിംഗ് സിനിമ കാണുകയും അവരോട് അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന്. വളരെ പ്രഫഷനല്‍ ആണ്. കൃത്യസമയത്ത് വരുക ഷൂട്ടിംഗ് കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചു പോവുക അതാണ് രീതി. പിന്നെ, അവര്‍ക്ക് എന്നോടുള്ള പ്രത്യേക താല്‍പര്യം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ ഭാഷയുടെ കാര്യത്തില്‍ ഞങ്ങള്‍ തുല്യദുഃഖിതര്‍ ആയിരുന്നു.”

”എനിക്കും തെലുങ്ക് അറിയില്ല. അവര്‍ക്കും അറിയില്ല” എന്നാണ് അന്ന ബെന്‍ പറയുന്നത്. അതേസമയം, അമിതാഭ് ബച്ചനും പ്രഭാസും ഒന്നിച്ച ചിത്രമാണ് കല്‍ക്കി എങ്കിലും താന്‍ ഇരുവരെയും കണ്ടിട്ടില്ല എന്നും അന്ന വ്യക്തമാക്കി. പശുപതി സാറിനെയും ശോഭന മാമിനെയുമാണ് കണ്ടത് എന്നാണ് അന്ന പറയുന്നത്.

Read more