ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് ഇപ്പോഴുള്ളത്. ‘ലൂസിഫര്‍’ സിനിമയുടെ ഗംഭീര വിജയം തന്നെയാണ് എമ്പുരാന് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ കാരണവും. അതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ആഘോഷമാക്കാന്‍ പോകുന്ന സിനിമയാകും എമ്പുരാന്‍ എന്നതില്‍ സംശയമില്ല.
എമ്പുരാനെ കുറിച്ച് പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും മുതല്‍മുടക്കും വലിയ സിനിമയുമാകും എമ്പുരാന്‍ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
”എമ്പുരാന്‍ വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാള്‍ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകള്‍ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളില്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷന്‍ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാന്‍ പോകുന്ന സിനിമയാകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്.”
”കാരണം അത്രയധികം രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാന്‍ പറ്റിയൊരു സിനിമയല്ല. നിലവില്‍ ഇന്ത്യയില്‍ ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. യുകെയില്‍ ഒന്ന് കഴിഞ്ഞു. അമേരിക്കന്‍ ഷെഡ്യൂള്‍ അടുത്താഴ്ച തുടങ്ങാന്‍ പോകുന്നു. അതിലാണ് ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നത്. അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്.”
”ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ സ്‌കെയില്‍ വയ്‌സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്‍ എന്ന് എനിക്ക് തോന്നുന്നു” എന്നാണ് ഇന്ദ്രജിത്ത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.