അവരുടെ കണക്കുകളെ തോൽപ്പിച്ച ശരീരമാണ് എന്റേത്: ഇന്ദ്രൻസ്

മലയാളത്തിൽ കോസ്റ്റ്യൂം ഡിസൈനറായി തുടങ്ങി സഹനടനായും, കോമഡി താരമായും, സ്വഭാവ നടനായും, നായകനായും തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കിയിരുന്നു.

ഒരുകാലത്ത് ബോഡിഷെയ്മിംഗ് തമാശകൾക്ക് ഇരയാവുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ഇന്ദ്രൻസ് ഇന്ന് മലയാളത്തിൽ തിരക്കുള്ള നടനാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഒരിക്കലും റെഡിമെയ്ഡ് വസ്ത്രങ്ങൾ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിനുള്ള മറുപടി പറയുകയാണ് ഇന്ദ്രൻസ്. ഇത്തരം കമ്പനികളുടെ അളവുകളെ തോൽപ്പിച്ച ശരീരമാണ് തന്റേതെന്നാണ്  ഇന്ദ്രൻസ് പറയുന്നത്.

“അവരുടെ കണക്കോ, ശരീര ശാസ്ത്ര പ്രകാരമുള്ള ഷേൾഡറോ എനിക്കില്ല. അതിന് യോജിച്ചതല്ല എൻ്റെ കൈ വണ്ണം, വയർ, നെഞ്ച്. അതുകൊണ്ട് ഞാനവരെ തോൽപ്പിച്ചു.” എന്നാണ് ഇന്ദ്രൻസ് പറയുന്നത്.

അതേസമയം ‘കനകരാജ്യം’ ആണ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ ചിത്രം. മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‍ണ, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അടുത്തിടെ ആലപ്പുഴയിൽ നടന്ന യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ കനകരാജ്യം നിർമ്മിക്കുന്നത്.