ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫിലിപ്സ്’. മുകേഷ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അന്തരിച്ച മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയാണ് ഫിലിപ്സ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോയാണ് ഇന്നസെന്റ്- മുകേഷ് എന്നത്. എപ്പോഴൊക്കെ ഇവർ സ്ക്രീനിൽ ഒരുമിച്ച് വന്നോ, അന്നൊക്കെ ചിരിയുടെ ഉത്സവം തന്നെ രണ്ടുപേരും തീർത്തിട്ടുണ്ട്.
മാത്രമല്ല മലയാള സിനിമയിൽ മുകേഷ് എന്ന നടന്റെ മുന്നൂറാമത്തെ ചിത്രമാണ് ഫലിപ്സ്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിന് മുന്നോടിയായി ഫിലിപ്സ് സിനിമ കാണാൻ ക്ഷണിച്ച് ആരാധകർക്ക് മുകേഷ് എഴുതിയ കത്തിൽ ഇന്നസെന്റിനെ കുറിച്ച് എഴുതിയ വരികളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഒട്ടനവധി പ്രിയപ്പെട്ട സുഹൃത്തുക്കൾ ഉണ്ടെങ്കിലും തന്റെ ചിന്തകൾക്കും അഭിരുചികൾക്കും സമാനമായ ഒരാൾ ഇന്നസെന്റ് ആയിരുന്നുവെന്നാണ് കത്തിൽ മുകേഷ് കുറിച്ചത്.
“നമസ്കാരം ഞാൻ നിങ്ങളുടെ സ്വന്തം മുകേഷ്… നാൽപത്തൊന്ന് വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഗോപാലകൃഷ്ണനും മഹാദേവനും മാട്ടുപ്പെട്ടി മച്ചാനും ഒക്കെയായി മുന്നൂറ് വേഷങ്ങൾ ഞാൻ ഫിലിപ്സിലൂടെ പൂർത്തിയാക്കുകയാണ്. എന്റെ ഈ അഭിനയ യാത്രയിൽ എന്റെ ഏറ്റവും വലിയ നേട്ടം എന്നും നല്ല സൗഹൃദങ്ങളും മധുരിക്കുന്ന ഓർമകളുമാണ്.
എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ. അക്കരെ നിന്നൊരു മാരനിൽ തുടങ്ങിയ സ്നേഹവും അടുപ്പവും കളി തമാശകളുമൊക്കെ ഫിലിപ്സ് വരെ എന്നും എന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നതാണ്. ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ 2023 ഡിസംബർ ഒന്നിന് എല്ലാവരും തിയേറ്ററിൽ വരണം.” എന്നാണ് മുകേഷ് കുറിച്ചത്.
പോസ്റ്റ് കാർഡിൽ മുകേഷിന്റെ കൈപ്പടയിൽ എഴുതിയ കത്ത് തപാൽ വഴി വിവിധ രാജ്യങ്ങളിലെ ആരാധകർക്ക് എത്തുന്ന തരത്തിലുള്ള വീഡിയോയും ഫിലിപ്സിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചു.
ഇന്നസന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
Read more
ഹിഷാം അബ്ദുൾ വാഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെയ്സൺ ജേക്കബ് ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിധിൻ രാജ് അരോളാണ്.