പാഠം രണ്ട് ഒരു സല്ലാപം; വർഷങ്ങൾക്കു ശേഷം ഷാഹിനയും റസാഖും

2001-ൽ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ മീര ജാസ്മിന് ദേശീയ അവാർഡ് നേടികൊടുത്ത ചിത്രമാണ് ടിവി ചന്ദ്രൻ സംവിധാനം ചെയ്ത ‘പാഠം ഒന്ന്: ഒരു വിലാപം’. ഇപ്പോഴിതാ മീര ജാസ്മിനെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൽ റസാഖ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇർഷാദ്.

പാഠം രണ്ട്, ഒരു സല്ലാപം എന്ന തലക്കെട്ടോട് കൂടിയാണ് ഇർഷാദ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ദശാബ്ദങ്ങൾ കടന്നുപോയെന്നും, ലോകം വിരൽത്തുമ്പിലേക്ക് ചെറുതായിട്ടും തങ്ങൾ തമ്മിൽ കണ്ടുമുട്ടിയില്ല എന്നും ഇർഷാദ് പറയുന്നു.

“പാഠം രണ്ട് ഒരു സല്ലാപം. രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി. അഭ്രപാളി തന്നെയും അടർന്നു പോയ്. ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല. ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല.” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇർഷാദ് പറഞ്ഞത്.

Read more

അതേസമയം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ ആണ് മീര ജാസമിന്റെ ഏറ്റവും പുതിയ ചിത്രം. അശ്വിൻ ജോസ് ആണ് ചിത്രത്തിൽ മീരയുടെ നായകനായി എത്തുന്നത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർജെ സൂരജ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.