ഞാന്‍ മദ്യപിക്കാത്തത് വലിയ കുറ്റമായി, ആ കുരങ്ങന് മദ്യം കൊടുത്ത് കൂടുതല്‍ അലമ്പാക്കണ്ട എന്ന് പ്രിയന്‍ പറഞ്ഞു: ജഗദീഷ്

താന്‍ മദ്യപിക്കാത്തത് മുകേഷ് വലിയ കുറ്റമായാണ് കാണുന്നതെന്ന് നടന്‍ ജഗദീഷ്. 1989ല്‍ പുറത്തിറങ്ങിയ വന്ദനം എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടാണ് ജഗദീഷ് സംസാരിക്കുന്നത്. ടച്ചിങ്‌സ് വാരി തിന്നുന്നത് കാണുമ്പോള്‍ മുകേഷിന് ദേഷ്യം വരും. മദ്യം തന്നെങ്കിലും അത് താന്‍ ചെടിച്ചട്ടിയിലേക്ക് കമഴ്ത്തി. ഒടുവില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇടപെട്ടു എന്നാണ് ജഗദീഷ് പറയുന്നത്.

വനിത മാഗസിനില്‍ പങ്കുവച്ച കുറിപ്പിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വന്ദനത്തിന്റെ ഷൂട്ടിംഗ് ബെംഗളൂരുവില്‍ നടക്കുന്നു. വൈകിട്ട് പ്രിയന്റെ മുറിയില്‍ ചിലപ്പോള്‍ ‘ആഘോഷങ്ങള്‍’ നടക്കും. അത്തരം ആഘോഷ സദസുകള്‍ക്ക് എന്നെ പോലെ മദ്യപിക്കാത്തവര്‍ ബാധ്യതയാണ്. മദ്യപിക്കില്ലെങ്കിലും അതിന്റെ ഇരട്ടി ടച്ചിങ്‌സ് കഴിച്ചു തീര്‍ക്കും. മുന്നിലെത്തുന്ന കുരുമുളകിട്ട അണ്ടിപ്പരിപ്പും കടലയുമെല്ലാം ഞാന്‍ വാരിയെടുക്കുന്നത് കണ്ട് മുകേഷിന് ദേഷ്യം വന്നു.

‘ഡേയ് നിര്‍ത്ത് നിര്‍ത്ത്… അതില്‍ തൊടരുത്…’, ഞാന്‍ പറഞ്ഞു, ‘അതങ്ങനെയാണ്, ആയിരക്കണക്കിന് രൂപയുള്ള സ്‌കോച്ച് വെറുതെ തരും. പത്ത് രൂപയുടെ കപ്പലണ്ടി എടുക്കാന്‍ സമ്മതിക്കില്ല.’ മുകേഷിനൊപ്പം മണിയന്‍പിള്ള രാജുവും ചേര്‍ന്നു. സംഭവം ഒന്നു കത്തിച്ചു. ‘മദ്യം കഴിക്കാത്തവരെ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കും. നമ്മളാണെങ്കില്‍ രണ്ടെണ്ണം അടിക്കുമ്പോഴെങ്കിലും എല്ലാം തുറന്നു പറയും.’

അതോടെ രംഗം കൊഴുത്തു. ഞാന്‍ മദ്യപിക്കാത്തത് വലിയ കുറ്റമായി. മുകേഷ് പറഞ്ഞു. ‘ഇന്നു നീ ഒരു പെഗ് കുടിച്ചില്ലെങ്കില്‍ പ്രിയന്റെ ഒരു സിനിമയിലും നിനക്ക് വേഷമില്ല.’ എല്ലാവരും അത് കൈയടിച്ചു പാസാക്കി. ഞാന്‍ ധര്‍മസങ്കടത്തിലായി. ഒടുവില്‍ മദ്യം നിറച്ച ഗ്ലാസ് കയ്യിലെടുത്തു. കുടിക്കുന്ന ഭാവത്തിലിരുന്നു. അവര്‍ അടുത്ത ചര്‍ച്ചയിലേക്ക് കടന്നപ്പോള്‍ ആരും കാണാതെ അടുത്തിരുന്ന ചെടിച്ചട്ടിക്ക് ഉള്ളിലേക്ക് ഗ്ലാസ് കമിഴ്ത്തി.

കഷ്ടകാലത്തിന് അത് മുകേഷ് കണ്ടു. പോരേ പൂരം. ഒഴിച്ചു വച്ച മദ്യം കളഞ്ഞത് വലിയ കുറ്റമായി. ആകെ ബഹളം. ഒടുവില്‍ പ്രിയന്‍ പറഞ്ഞു, ‘ജഗദീഷിനെ നമുക്ക് വെറുതെ വിടാം. ജഗദീഷ് മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു സംസ്‌കൃത ശ്ലോകമുണ്ട്. മര്‍ക്കടസ്യ സുരപാനം, മധ്യേ വൃശ്ചിക ദംശനം തന്മധ്യേ ഭൂതസഞ്ചാരം, കിം ബ്രുമോ വൈകൃതം സഖേ?

സ്വതവേ ബഹളക്കാരനായ കുരങ്ങന്‍ കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും? പോരാത്തതിന് പൃഷ്ഠത്തില്‍ തേളും കൂടി കുത്തിയാലോ? അത് പോരാത്തതിന് ഭൂതം പിടിച്ചാലോ? അതില്‍പരം വൈകൃതം മറ്റൊന്നുമില്ല. ജഗദീഷ് മദ്യപിച്ചാലും അതാകും അവസ്ഥ. അതുകൊണ്ട് ആ കുരങ്ങന് മദ്യം കൊടുത്ത് കൂടുതല്‍ അലമ്പാക്കണ്ട എന്നാണ് ജഗദീഷ് പറയുന്നത്.

Read more