സമൂഹത്തെ നന്നാക്കേണ്ടത് സിനിമയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് പ്രിയങ്ക ചോപ്ര

സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നത് സിനിമാ മേഖലയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സിനിമ എന്റര്‍ടെയ്ന്‍മെന്റ് വ്യവസായം ആണ്. പ്രേക്ഷകരും സിനിമകള്‍ കാണുന്നത് വിനോദത്തിന് വേണ്ടിയാണ്. എല്ലാ സിനിമകളിലും സന്ദേശങ്ങള്‍ വേണമെന്നില്ല. അത് കഥകളും സങ്കല്‍പ്പങ്ങളുമൊക്കെയാണ്. അതിനാല്‍ സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടതും സമൂഹത്തെ നന്നാക്കേണ്ടതും സിനിമാ മേഖലയുടെ മാത്രം ഉത്തരവാദിത്തമാണെന്നു പറയുന്നത് ശരിയല്ല. എന്തുകൊണ്ടാണ് ചിത്രകാരന്മാരോടും, എഴുത്തുകാരോടും, കവികളോടും മറ്റ് കലാകാരന്മാരോടും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടാത്തതെന്നും പ്രിയങ്ക ചോദിച്ചു.

നിര്‍മ്മാതാവ് എന്ന നിലയ്ക്ക് തന്റെ എല്ലാ സിനിമകളിലും കഥ പറയാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ആ കഥയില്‍ ഒരു സന്ദേശം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ സന്ദേശം നല്‍കാന്‍ വേണ്ടി അതിലേക്ക് തിരുകിക്കയറ്റാനോ സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വെറുതേ ഒരു അവാര്‍ഡിനു വേണ്ടി ദുരുപയോഗപ്പെടുത്താനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Read more

തനിക്ക് ഇഷ്ടപ്പെട്ട റോളുകളാണ് ചെയ്യുന്നതെന്നും അതിനാല്‍ ചലചിത്ര മേഖലയിലെ അസമത്വം അനുഭവപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ വെളുത്തവളും മെലിഞ്ഞവളുമാണ് സുന്ദരി. അത് സിനിമ മേഖല സൃഷ്ടിച്ച സങ്കല്‍പമല്ല. പ്രേക്ഷകര്‍ക്ക് അത്തരം സങ്കല്‍പങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അത്തരം സിനിമകള്‍ കാണാതിരിക്കണം. അപ്പോള്‍ സിനിമാ വ്യവസായവും അതിനെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തും. പ്രേക്ഷകര്‍ക്ക് എന്താണോ വേണ്ടത് അതാണ് സിനിമ നല്‍കുന്നത്. അതിനാല്‍ സിനിമാ മേഖലയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.