മരിച്ച ആളുടെ രക്തം പരിശോധിക്കരുത് എന്നായിരുന്നു ആവശ്യം.. സിനിമാസ്‌റ്റൈലില്‍ ഞാന്‍ അത് ചോദിച്ചു, പക്ഷെ..: ജഗദീഷ്

ഭാര്യ രമയുടെ മരണത്തില്‍ നിന്നും ഇതുവരെ നടന്‍ ജഗദീഷ് മുക്തനായിട്ടില്ല. രമയെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഇപ്പോള്‍ ജഗദീഷ് പങ്കുവച്ചിരിക്കുന്നത്. ഫൊറന്‍സിക് സര്‍ജന്‍ ആയി പേരെടുത്ത രമ ഒരു കേസും തന്നോട് ചര്‍ച്ച ചെയ്യാറില്ല. പലരുടെയും ആവശ്യപ്രകാരം ഒരു പോസ്റ്റ്മാര്‍ട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യുമോ എന്ന് താന്‍ ചോദിച്ചെങ്കിലും രമ സമ്മതിച്ചില്ല എന്നാണ് ജഗദീഷ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് സംസാരിച്ചത്. ”തിരുവനന്തപുരത്ത പ്രശസ്തമായ ക്ലബിലെ ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ച അംഗങ്ങളുടെ പ്രിയപ്പെട്ട ജീവനക്കാരനായിരുന്നു അത്. അപകട സമയത്ത് അയാള്‍ മദ്യപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് കിട്ടില്ല. രമയാണ് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതെന്ന് മനസിലാക്കി ആ ക്ലബില്‍ അംഗമായിരുന്ന പത്ത്-പന്ത്രണ്ട് പേര്‍ എന്നെ വിളിച്ചു.”

”ഞാന്‍ ഒരു ക്ലബുകളിലും അംഗമല്ല. എങ്കിലും വിളിച്ചവരുടെ കുട്ടത്തില്‍ എന്റെയും രമയുടെയും കുടുംബസുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മരിച്ച ആളുടെ രക്തം പരിശോധിക്കരുത്. അതായിരുന്നു അവരുടെ ആവശ്യം. കേട്ടപ്പോഴേ ഞാന്‍ പറഞ്ഞു, ‘ഒരിക്കലും നടക്കില്ല. രമ അതു ചെയ്യില്ലെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ?’ അതുകൊണ്ടാണ് ജഗദീഷ് ഒന്നു ചോദിക്കുമോ എന്ന് പറഞ്ഞത് എന്നായി അവര്‍.”

”ഒടുവില്‍ സിനിമാസ്‌റ്റൈലില്‍ ബില്‍ഡപ്പ് ഒക്കെ ഇട്ടു ചോദിച്ചു, ‘ബ്ലഡ് പരിശോധിക്കാതിരിക്കാന്‍ പറ്റുമോ? എന്തെങ്കിലും വഴിയുണ്ടോ? ചിലരൊക്കെ ചോദിക്കുന്നുണ്ട് എന്ന്. മുഴുമിപ്പിക്കുന്നതിന് മുമ്പേ രമ പറഞ്ഞു, ‘ചേട്ടാ നടക്കില്ല. എന്നെ അറിയാമല്ലോ. ഞാന്‍ അത് പരിശോധിക്കും മദ്യപിച്ചിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടില്‍ എഴുതും. അതില്‍ ഒന്നും എനിക്ക് ചെയ്യാനാവില്ല.”

”പിന്നെ, ഒരു വഴിയുണ്ട്. കിട്ടേണ്ട ഇന്‍ഷുറന്‍സ് തുക എത്രയാണെന്ന് ചോദിച്ചു മനസിലാക്കുക. എന്നിട്ട് ചേട്ടനെ വിളിച്ചവരോട് ആ തുക ഷെയര്‍ ഇട്ട് കണ്ടെത്താന്‍ പറയുക. ചേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ കേട്ടില്ലല്ലോ എന്ന വിഷമം ഉണ്ടെങ്കില്‍ ഒരു പങ്ക് ചേട്ടനും കൊടുത്തേക്ക്. ഇന്‍ഷുറന്‍സ് തുക കിട്ടിയില്ലെങ്കിലും ഈ പണം ഉപകാരപ്പെടും. എന്നാലും റിപ്പോര്‍ട്ടില്‍ ഞാന്‍ കള്ളത്തരം എഴുതില്ല എന്ന് പറഞ്ഞു. അതാണ് രമ.”

”രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ, ഞാന്‍ ഓര്‍ക്കും, തിരക്കിലുടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പിക്കാന്‍ പറ്റില്ല. അവസാന കാലത്ത് പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നു” എന്നാണ് ജഗദീഷ് പറയുന്നത്.

Read more