ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നടന്‍ ജഗദീഷ് സ്വീകരിച്ച ശക്തമായ നിലപാടും തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ സിദ്ദിഖിന്റെ വാദങ്ങളെ എതിര്‍ത്തതോ മത്സരബുദ്ധിയോടെ സംസാരിച്ചതോ അല്ലെന്നും സംഘടനയുടെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കണമെന്നേ കരുതിയുള്ളുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. തന്റെ തുറന്നുപറച്ചിലുകള്‍ അധികാരത്തിനു വേണ്ടിയാണെന്ന കമന്റുകള്‍ വേദനിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു.
അമ്മയുടെ നേതൃനിരയിലേക്ക് ഇനി ഒരിക്കലും ഞാനില്ല. ഈ വിവാദങ്ങളോടെ അതുറപ്പിച്ചു. ചില സോഷ്യല്‍മീഡിയ വാര്‍ത്തകള്‍ കണ്ടു ഞെട്ടിപ്പോയി. ഞാന്‍ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്കു വരാന്‍ വേണ്ടിയായിരുന്നു എന്നൊക്കെയാണു ചിലരുടെ കണ്ടെത്തല്‍. എന്തു സങ്കടകരമാണത്. അതിനു ഞാന്‍ കരുക്കള്‍ നീക്കുകയാണത്രെ. പല ഗൂഢതന്ത്രങ്ങളും സോഷ്യല്‍മീഡിയ തലയില്‍ തന്നു. എല്ലാം മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍. ഇത്തരം വീഡിയോകള്‍ മക്കളെയും വേദനിപ്പിച്ചു.
ഒരധികാര സ്ഥാനവും മനസ്സിലില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ടെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണു പ്രാര്‍ത്ഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.
Read more
യുവനേതൃത്വം വരട്ടെ. എന്നുവെച്ചു സംഘടനയില്‍ നിന്നു മാറി നില്‍ക്കുകയൊന്നുമല്ല. അമ്മ നേതൃത്വം കൊടുക്കുന്ന എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായി നില്‍ക്കും. അത്തരം താരനിശകളില്‍ പരിപാടികള്‍ അവതരിപ്പിച്ചും അവതാരകനായും ഗായകനായും സംഘാടകനായുമൊക്കെ ഞാനുണ്ടാകും- ജഗദീഷ് കൂട്ടിച്ചേര്‍ത്തു.