ജഗമേ തന്തിരത്തിലേക്ക് വില്ലനായി ആദ്യം തീരുമാനിച്ചത് അല്‍ പാചിനോയേയും റോബര്‍ട്ട് ഡെനിറോയേയും, പക്ഷേ പിന്നീട് സംഭവിച്ചത്; തുറന്നുപറഞ്ഞ് കാര്‍ത്തിക് സുബ്ബരാജ്

ധനുഷ് ചിത്രം ജഗമേ തന്തിരത്തില്‍ പ്രതിനായക വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയുമായിരുന്നെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ന്യൂസ് 18 ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ന്യൂയോര്‍ക്കിലായിരുന്നു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. ലോകപ്രശസ്തരായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയും സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ അവരുടെ കാസ്റ്റിംഗ് ഏജന്റുമാരേയും മാനേജരേയും ഞങ്ങള്‍ ബന്ധപ്പെട്ടു,”

എന്നാല്‍ അവരുടെ ബഡ്ജ്റ്റ് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. പിന്നീട് സിനിമ ലണ്ടനിലേക്ക് മാറ്റിയെന്നും അങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്മോയെ കാസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ധനുഷിനോടൊപ്പം ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.