'ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍..', സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥ; പങ്കുവച്ച് 'ജയ ജയ ജയഹേ' സംവിധായകന്‍

‘ജയ ജയ ജയ ജയഹേ’ കണ്ട് ആമിര്‍ ഖാന്‍ വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ച് സംവിധായകന്‍ വിപിന്‍ ദാസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് ആണ് ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ജയ ജയ ജയഹേ റിലീസ് ചെയ്തത്. കേരളത്തില്‍ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. വന്‍ വിജയം കരസ്ഥമാക്കിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

കേരളത്തില്‍ മാത്രമല്ല അന്യഭാഷാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും ചിത്രം ചര്‍ച്ചയായിട്ടുണ്ട്. സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് ആമിര്‍ ഖാന്‍ തന്നെ നേരിട്ട് അഭിനന്ദിച്ചതിന്റെ സന്തോഷം വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. ആമിര്‍ ഖാനൊപ്പമുള്ള ചിത്രങ്ങളും ആമിര്‍ അയച്ച സന്ദേശവും വിപിന്‍ ദാസ് പങ്കുവച്ചിട്ടുണ്ട്.

വിപിന്‍ ദാസിന്റെ കുറിപ്പ്:

ഒരു ദിവസം ഒരു ചെറിയ നഗരത്തിലെ സിനിമാ സംവിധായകന്‍ അടുത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴാണ് അയാള്‍ എക്കാലത്തും ആരാധിച്ചിരുന്ന സൂപ്പര്‍സ്റ്റാറില്‍ നിന്ന് ജയ ജയ ജയ ജയ ഹേ എന്ന സിനിമയെ കുറിച്ചുള്ള സന്ദേശം ലഭിച്ചത്. താരേ സമീന്‍ പര്‍ എന്ന പോലെയാണ് തോന്നിയത്.

അദ്ദേഹം ഫോണില്‍ വിളിച്ച് ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍ എന്ന് പറഞ്ഞതു കൂടി ആയപ്പോള്‍ എല്ലാം സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിലായിരുന്നു അയാള്‍. ആ നിമിഷത്തില്‍ എന്റെ ആദ്യ ഹൃദയാഘാതത്തെ അതിജീവിച്ചു എന്ന് തന്നെ പറയാം. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇരുന്നപ്പോള്‍ എന്റെ ജീവിതം ഒന്നാകെ എന്റെ കണ്ണില്‍കൂടി മിന്നി മറിയുകയായിരുന്നു.

ഞങ്ങളുടെ കൂടികാഴ്ചയും സംഭാഷണങ്ങളും കഥകളും സിനിമകളും ഭക്ഷണവും എനിക്ക് എന്നന്നേക്കും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെ കുറിച്ചും ക്ഷേമത്തെ കുറിച്ചും അദ്ദേഹം കാണിക്കുന്ന കരുതലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്തതാണ്. അത് എക്കാലവും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിര്‍ സാറിന്റെ ഈ സ്നേഹത്തിന് നന്ദി. എന്റെ സിനിമയില്‍ അഭിനയിച്ച പ്രിയപ്പെട്ട അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ജയ ഹേ പ്രേമികളോടും പങ്കിടുന്നു. എല്ലാവര്‍ക്കും നന്ദി.

View this post on Instagram

A post shared by Vipin Das (@vipindashb)

Read more