മലയാള സിനിമയെ എന്നും വലിയ ആദരവോടെയാണ് കാണുന്നതെന്ന് നടന്‍ ജയം രവി. മികച്ച അഭിനയ രീതിയാണ് മോളിവുഡിലേതെന്നും കോമഡി രംഗങ്ങള്‍ പോലും ഒറിജിനാലിറ്റിയോടെ തന്മയത്വത്തോടെയാണ് അഭിനയിക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തിലെ അഭിനയ രീതി തനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ നടന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും വ്യക്തമാക്കി. അമിതാഭിനയം കാഴ്ചവെച്ചാലേ തമാശയാകൂ എന്നാണ് തമിഴില്‍ പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു ‘മലയാള സിനിമയുടെ വലിയൊരു ആരാധകനാണ് ഞാന്‍. കേരളത്തില്‍ എനിക്ക് ഫാന്‍സ് ക്ലബ്ബുണ്ട്. മലയാളത്തില്‍ അഭിനിയിക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ കൂടുതലും ഗസ്റ്റ് റോള്‍, കാമിയോ വേഷങ്ങളായിരുന്നു.
കരിയറിന്റെ തുടക്കകാലത്ത് ചില നല്ല അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ അന്ന് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധകൊടുത്തതിനാല്‍ സ്വീകരിക്കാന്‍ സാധിച്ചതുമില്ല. മലയാളം എനിക്കു സംസാരിക്കാന്‍ പറ്റില്ല. പക്ഷേ കേട്ടാല്‍ മനസ്സിലാകും. അഭിനയിക്കുമ്പോള്‍ സ്വയം ശബ്ദം കൊടുക്കണമെന്നാണെനിക്ക്.
ഇവിടെയുള്ള അഭിനയരീതി എനിക്ക് വളരെ ഇഷ്ടമാണ്. അല്‍പം അമിതമായാലേ കോമഡി ആകൂ എന്നാണ് ഞങ്ങള്‍ തമിഴില്‍ പറയുക. കോമഡി പോലും മലയാളത്തില്‍ എത്ര നാച്ചുറലാണ്,’ ജയം രവി പറഞ്ഞു.
ജയം രവി അഭിനയിച്ച മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. എട്ട് ദിവസങ്ങള്‍ കൊണ്ട് ലോകമെമ്പാടുമായി 268 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. മലയാള സിനിമയോട് എന്നും സ്നേഹമാണെന്ന് പറയുന്ന താരം ഇവിടെ ലഭിച്ച അവസരങ്ങളേക്കുറിച്ചും സംസാരിച്ചു.