എന്റെ മക്കളെ എനിക്ക് വേണം, അവരെ സിനിമയില്‍ എത്തിക്കണം, 20 വര്‍ഷം വേണമെങ്കിലും നിയമപോരാട്ടം നടത്തും: ജയം രവി

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ മക്കളുടെ കസ്റ്റഡിക്കായി നിയമപോരാട്ടം നടത്തുമെന്ന് നടന്‍ ജയം രവി. മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരും എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്.

എന്നാല്‍ തന്റെ അറിവോ സമ്മതോ കൂടാതെയാണ് നടന്‍ വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് വ്യക്തമാക്കി ഭാര്യ ആരതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ജയം രവി രംഗത്തെത്തിയിരിക്കുന്നത്. ”എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം.”

”പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മ്മിക്കണം. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്‌നം.”

”ആറ് വര്‍ഷം മുമ്പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്” എന്നാണ് ജയം രവി പറയുന്നത്. അതേസമയം, ഗായിക കെനിഷയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ജയം രവി വ്യക്തമാക്കിയിരുന്നു.

Read more