പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സത്യന്‍ അന്തിക്കാട് പുലര്‍ത്തിയ സൂക്ഷ്മതയെ കുറിച്ചും നിലപാടിനെ കുറിച്ചും തുറന്നുപറഞ്ഞ് ജയറാം. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
‘പൊന്‍മുട്ട യിടുന്ന താറാവി’ന്റെ അവസാനരംഗം. ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം (അവസാനസീനില്‍) ഉര്‍വശിയുടെ കഥാപാത്രം (സ്നേഹലത) ബെഡ്റൂമില്‍ ഇരിക്കുന്നു. അവിടേക്ക് ഞാന്‍ അവതരിപ്പിക്കുന്ന പവിത്രന്‍ വന്നുകയറുന്നു.
ഒരടി ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ കാണുന്നവരും കട്ടിലില്‍ ഇരിക്കുന്ന സ്നേഹലതയും. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ത്തന്നെ ‘വാ പോകാം’ എന്നുപറഞ്ഞ് ബാഗുമെടുത്ത് സ്നേഹലതയേയും കൂട്ടി നടക്കുന്നു.
ചിത്രീകരണസമയത്തും, തീയേറ്ററില്‍ സിനിമ കണ്ടവരും ‘ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ… എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടന്‍ പറഞ്ഞത് ”വേണ്ട… എന്റെ സിനിമയില്‍ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉള്‍പ്പെടുത്തേണ്ട എന്നാണ്. വേറെ സിനിമയില്‍ ജയറാം ചെയ്തേക്കാം പക്ഷെ നമുക്കത് വേണ്ട.” ഇത്തരം ചില കാര്യങ്ങള്‍ കൊണ്ടു കൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്,’ ജയറാം പറഞ്ഞു.