'മമ്മൂട്ടി ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ'; വെളിപ്പെടുത്തി ജയറാം

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്‍ലർ’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്.

ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പ്രതീക്ഷയേകുന്നത് കൂടിയാണ് ചിത്രത്തിന്റെ ട്രെയിലർ. ‘ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ്’ എന്ന മമ്മൂട്ടിയുടെ ശബ്ദത്തോടെയാണ് ട്രെയിലർ അവസാനിക്കുന്നത്.

എന്നാൽ അതൊരു ടെക്നിക്കൽ എറർ ആണെന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഓസ്‍ലറിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ടെന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അതിനെ സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോൾ ജയറാം പറഞ്ഞിരിക്കുന്നത്. ഇനിയിപ്പോൾ മമ്മൂട്ടി ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ എന്നാണ് ജയറാം ചോദിക്കുന്നത്.

“ഇനിയിപ്പോൾ അദ്ദേഹം ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്. ആൾക്കാർ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവർക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോൾ അവർക്കൊരു ആകാംഷ ഉണ്ടാകും.

സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മൾ കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാൻ പറയാം. തിയറ്ററിൽ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല.” ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എബ്രഹാം ഓസ്‍ലര്‍.

അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.