മലയാള സിനിമയിൽ ഒരു കാലത്തിന് ശേഷം തനിക്കുണ്ടായ പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. സിനിമയിൽ അരങ്ങേറ്റം കുറിച്ചത് തൊട്ട് ഏകദേശം 20 വർഷത്തോളം തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും, പിന്നീടാണ് കരിയറിൽ തെറ്റുകൾ സംഭവിച്ചതെന്നും ജയറാം പറയുന്നു.
കൂടാതെ തനിക്ക് മാനേജർ ഇല്ലെന്നും ഡേറ്റും കാര്യങ്ങളും എല്ലാം നോക്കുന്നതും മറ്റും താൻ തന്നെയാണെന്നും ജയറാം പറയുന്നു. തന്നിലേക്ക് വരേണ്ട സിനിമകൾ മറ്റ് പലരിലേക്കും പോയെന്നും ജയറാം കൂട്ടിച്ചേർത്തു.
“1988 തൊട്ട് ഏകദേശം 20 വർഷത്തോളം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്മാരാജൻ സർ, ഭരതേട്ടൻ, ഐവി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് അതിന് കാരണം. ആ വർഷങ്ങൾക്ക് ശേഷമാണ് മാറ്റി ചെയ്യുന്നത്. അതിൽ പരാജയങ്ങൾ സംഭവിച്ചു. കുറേ വർഷം ഒരേ ജോലി ചെയ്യുമ്പോൾ ആർക്കും തെറ്റ് സംഭവിക്കാം. എനിക്കങ്ങനെ കൂടെ ഒരുപാട് പേർ ഇല്ല. അങ്ങനെയില്ലാത്ത ഏക ആൾ മലയാള സിനിമയിൽ ഞാൻ മാത്രമായിരിക്കും. എനിക്ക് മാനേജരില്ല.
കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ല. 35 വർഷമായി ഞാൻ തന്നെയാണ്. എനിക്ക് എന്നും ഒരു നമ്പർ തന്നെയാണ്. അതിലേക്ക് വിളിക്കും, ഞാൻ തന്നെ സംസാരിക്കും. മറ്റ് ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മാനേജർ ഇല്ലേയെന്ന് അവരും ചോദിക്കുെമെന്നും ജയറാം വ്യക്തമാക്കി. സിനിമാ കൂട്ടുകെട്ടുകളിൽ പെടാത്തത് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന് കാരണമായെന്നും ജയറാം തുറന്ന് പറഞ്ഞു. ഒരു സിനിമ വിജയിച്ചാൽ അതേ ഡയറക്ടറെ എന്നിലേക്ക് കൊണ്ട് വരാനും അതിനുള്ള കഥയും പ്രൊഡ്യൂസറെയും സംഘടിപ്പിക്കേണ്ടതുണ്ട്.
കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതെല്ലാം ആവശ്യമായി വന്നു. അതിൽ നിന്ന് ഞാൻ പിറകിലേക്ക് പോയി. ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നിലേക്ക് വരേണ്ട സിനിമകൾ മറ്റ് പലരിലേക്കും പോയി.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.