1988-ൽ പുറത്തിറങ്ങിയ പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജയറാം. അതുകൊണ്ട് തന്നെ പത്മരാജനെ എപ്പോഹും ഗുരുനാഥനായാണ് ജയറാം കാണുന്നത്. അത് പലപ്പോഴും പല വേദികളിലും ജയറാം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
പിന്നീട് പത്മരാജന്റെ മൂന്നാംപക്കം, ഇന്നലെ എന്നീ സിനിമകളിലും ജയറാം പ്രധാന വേഷത്തിലെത്തിയിരുന്നു. പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും ജയറാമിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകൾ കൂടിയാണ്.
ഇപ്പോഴിതാ പത്മരാജന്റെ കൂടെ നടക്കാതെ പോയ ആ സ്വപ്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. ഞാൻ ഗന്ധർവന് ശേഷം തന്നെ നായകനാക്കി പത്മരാജൻ ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതെന്നും എന്നാൽ അത് നടക്കാതെ പോയെന്നും ജയറാം പറയുന്നു.
“തുടർച്ചയായി കരിയറിൽ ഫ്ളോപ്പുകൾ വന്നപ്പോൾ ഞാനന്ന് പത്മരാജൻ സാറിനെ കണ്ടു. അദ്ദേഹം ഞാൻ ഗന്ധർവ്വൻ സിനിമയുടെ പ്രമോഷനുമായിട്ട് ബന്ധപ്പെട്ട് കോഴിക്കോട് പോകാനിരിക്കുകയായിരുന്നു. എന്നോട് അദ്ദേഹം എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി.
ഞാൻ പറഞ്ഞു. എൻ്റെ പടങ്ങൾ പരാജയപ്പെടുകയാണെന്ന്. അതൊക്കെ പോട്ടെടാ.. പോയി പണി നോക്കാൻ പറ, അടുത്തത് നമ്മൾ തകർക്കും, നിന്നെ വച്ചിട്ടാണ് ഞാൻ അടുത്ത പടം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ഞാൻ ഗന്ധർവന് ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമ.
വളരെ മനോഹരമായിട്ടുള്ള ഒരു കഥയായിരുന്നു അത്. കേരളത്തിൻ്റെ ഒരു സ്പോർട്ട്സ് ടീമിനെയും കൊണ്ട് ട്രയിനിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്നയാളുടെ കഥ. മുഴുവൻ കഥയും പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു.
ഇത് നമ്മൾ സൂപ്പർ ഹിറ്റടിക്കുമെടാ എന്ന് പറഞ്ഞ് എനിക്ക് ധൈര്യം തരികയായിരുന്നു. പത്മരാജൻ സാർ. ഒരു ഗുരുനാഥനെപ്പോലെ അങ്ങനെ ഒരു ധൈര്യം തരാൻ പിൽക്കാലത്ത് എനിക്ക് ആരുമുണ്ടായിരുന്നില്ല.
Read more
പത്മരാജൻ സാർ ജീവിച്ചിരിക്കുന്ന കാലത്ത് ഞാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. പോയ ശേഷം ഞാൻ ആരോട് ചോദിക്കാനാണ്? ഒരു ഗുരുനാഥനെ മാത്രമല്ല എനിക്ക് നഷ്ടപ്പെട്ടത്. അതിനൊക്കെ മുകളിലുള്ള ഒരാളെയാണ്. ഏത് പാതിരാത്രിയും എന്ത് കാര്യവും എനിക്ക് ചോദിക്കാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു അദ്ദേഹം.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.