നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ആണെനിക്ക്.. ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാള സിനിമ വരും: ജയറാം

മലയാളം വിട്ട് അന്യഭാഷാ സിനിമകളില്‍ സജീവമായ ജയറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരാറുണ്ട്. ‘എബ്രഹാം ഒാസ്‌ലര്‍’ ആണ് ജയറാമിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഈ വര്‍ഷം തന്റെ രണ്ട് സിനിമകള്‍ എത്തുമെന്ന് ജയറാം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല ട്രോളുകളോട് നടന്‍ പ്രതികരിച്ചിട്ടുമുണ്ട്. പുതിയ ചിത്രം ‘റെട്രോ’യുടെ പ്രസ് മീറ്റിലാണ് ജയറാം സംസാരിച്ചത്.

”ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാള സിനിമയാണ് ചെയ്യാന്‍ പോകുന്നത്. ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയില്ല. സസ്‌പെന്‍സ് ആണ്. സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ പോകുന്നതേയുള്ളൂ” എന്നാണ് ജയറാം പറയുന്നത്. മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കുന്നതിനെ കുറിച്ചും ജയറാം സംസാരിക്കുന്നുണ്ട്.

”എന്റെയടുത്ത് ചില ആളുകള്‍ വന്ന് ചോദിക്കാറുണ്ട്, എന്തിനാണ് മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കുന്നതെന്ന്. നമ്മളെ മറ്റ് ഭാഷകളില്‍ അവര് വിളിക്കുക, അവര്‍ സ്വീകരിക്കുക, അവര്‍ക്ക് ഇഷ്ടപ്പെടുക, അവരുടെ സ്‌നേഹം നമ്മള്‍ക്ക് ഏറ്റുവാങ്ങാന്‍ പറ്റുക എന്നതൊക്കെ അവര്‍ നമ്മുടെ മലയാളത്തിന് തരുന്ന സ്‌നേഹമാണ് എന്നാണ് ഞാന്‍ എപ്പോഴും വിചാരിക്കുക. അല്ലാതെ എനിക്ക് തരുന്ന സ്‌നേഹമല്ല.”

”തെലുങ്കില്‍ ആയാലും കന്നഡത്തില്‍ ആയാലും ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ എല്ലാം തന്നെ അവര്‍ എനിക്ക് തരുന്ന സ്‌നേഹത്തേക്കാള്‍ കൂടുതല്‍ മലയാള സിനിമയ്ക്ക് തരുന്ന സ്‌നേഹമാണ്. ഞാന്‍ അത് എന്‍ജോയ് ചെയ്യാറുണ്ട്. ഞാന്‍ ഓരോരുത്തരോടും പറയുന്നതാണ്, നമ്മള്‍ എന്ത് ജോലി ചെയ്താലും, ചെറുതായാലും വലുതായാലും നമ്മള്‍ അത് ആദ്യം എന്‍ജോയ് ചെയ്യുക.”

”അതേപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പേ എന്നോട് പലരും ചോദിക്കാറുണ്ട്, ഈ അമ്പലപ്പറമ്പില്‍ ഒക്കെ ചെണ്ട കൊട്ടാന്‍ പോകുന്നതിനെ കുറിച്ച്. അതില്‍ ഞാന്‍ കണ്ടെത്തുന്ന സന്തോഷം, ഒരു നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ആണെനിക്ക് ഉത്സവപ്പറമ്പില്‍ പതിനായിരം ആളുകള്‍ക്ക് നടുവില്‍ നിന്നും ചെണ്ട കൊട്ടുന്നത്” എന്നാണ് ജയറാം പറയുന്നത്.

Read more