“ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മലയാളത്തില്‍ മിസ് ആയ ഒരു രംഗം തെലുങ്ക് റീമേക്കില്‍ ഉണ്ടാകും എന്ന് പറയുകയാണ് ജീത്തു ഇപ്പോള്‍. മോഹന്‍ലാലിനും ആ രംഗം ഇഷ്ടമായെന്നും സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സീനില്‍ ജോര്‍ജുകുട്ടിയെ ആ സിഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. എഡിറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്. അത് മിസ് ചെയ്തു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അതോര്‍ത്തു. പക്ഷേ തെലുങ്കില്‍ വന്നപ്പോള്‍ അങ്ങനെ ഒരു സീന്‍ വേണമെന്ന്. അവിടെ ഇത് ആഡ് ചെയ്തിട്ടുണ്ട്.
ജോര്‍ജുകുട്ടി വേറൊരു ആവശ്യത്തിന് സിഐയോട് സംസാരിക്കുമ്പോഴും അറിയാതെ ഒരു നോട്ടം നോക്കുന്ന രംഗം. ലാലേട്ടന്‍ തന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന് ചോദിച്ച്. ലാലേട്ടാ താന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്, അത് തെലുങ്കില്‍ കൊണ്ടു വരുന്നെന്ന് പറഞ്ഞു. ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു എന്ന് ജീത്തു ജോസഫ് പറഞ്ഞു.
നടന്‍ വെങ്കടേഷ് ആണ് തെലുങ്ക് റീമേക്കില്‍ നായകനാകുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് ശ്രീപ്രിയ ആയിരുന്നു സംവിധാനം ചെയ്തത്.