കോവിഡ് ലോക്ഡൗണിനിടെ ഷൂട്ടിംഗ് മുടങ്ങിയ ചിത്രമാണ് ‘റാം’. 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ’12ത് മാന്‍’, ‘കൂമന്‍’, ‘നേര്’ അടക്കമുള്ള സിനിമകള്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയിട്ടുണ്ട്. അപ്പോഴും റാമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല.
സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നിന്നു പോയ ചിത്രം തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജീത്തു ജോസഫ്. സിനിമയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീത്തു ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.
ചിത്രം അതിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വീണ്ടും ഷൂട്ട് തുടങ്ങുമെന്നാണ് ജീത്തു പറയുന്നത്. ചെറിയ ചിത്രമല്ല. രണ്ട് ഭാഗങ്ങളും കൂടി ഏകദേശം 140 കോടിക്ക് മുകളില്‍ മുതല്‍മുടക്കുണ്ട്, അതുകൊണ്ട് വലിയ ഫൈറ്റ് ഒക്കെയുള്ള പടമാണെന്ന് ധരിക്കരുത്. റാം രണ്ട് രാജ്യങ്ങളില്‍ ഷൂട്ട് ചെയ്യണം.
ട്യൂണിഷ്യയിലും ഇംഗ്ലണ്ടിലും. അവിടുത്തെ കാലവസ്ഥ ഒത്തുവരുമ്പോള്‍ ഇവിടെ അഭിനേതാക്കളുടെ ഡേറ്റ് ഒത്തുവരില്ല. ഇങ്ങനെ അനവധി ഘടകങ്ങള്‍ ഒത്തുവരണം അതിന്റെ ഷൂട്ടിംഗിന്. അടുത്ത ജൂണില്‍ റാമിന്റെ ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ ഞാന്‍ ഈ മാസം മുതല്‍ പ്ലാനിംഗ് ആരംഭിക്കണം.
ഡിസംബറില്‍ ഒരു ഓപ്ഷന്‍ വന്നിരുന്നു. ആര്‍ടിസ്റ്റ് ഡേറ്റ് ഒക്കെ ഒത്തുവന്നു പക്ഷെ അവിടുത്തേക്ക് തണുപ്പ് കാരണം അടുക്കാന്‍ പറ്റില്ല. മാത്രമല്ല ഡേ ടൈം കുറവുമാണ്. ഇങ്ങനെ ചില പ്രശ്‌നങ്ങളില്‍ കിടക്കുകയാണ് എന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തൃഷയാണ് ചിത്രത്തില്‍ നായിക.