മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ കൊണ്ട് 50 കോടി രൂപയാണ് ആഗോള ബോക്സ്ഓഫീസ് കളക്ഷനായി നേര് ഇതുവരെ നേടിയത്.
ദൃശ്യം1&2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തുവന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം കൂടിയാണ് നേര്. കോർട്ട് റൂം- ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് കാണാൻ കഴിയുന്നത്.
ഇപ്പോഴിതാ സിനിമകളെ പറ്റിയും പ്രേക്ഷകരെ പറ്റിയും സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൂടാതെ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് അറിവുണ്ട് എന്നും അതുകൊണ്ട് തന്നെ പ്രേക്ഷകരെ ഒരിക്കലും പറ്റിക്കരുത് എന്നും ജീത്തു ജോസഫ് പറയുന്നു.
“പബ്ലിസിറ്റി എന്ന് പറയുന്നത് സിനിമയുടെ റിലീസ് തിയതി, പ്രധാന ആർട്ടിസ്റ്റുകൾ, കഥാഗതി എന്നിവ പ്രേക്ഷകരെ അറിയിക്കുക എന്നത് മാത്രമാണ്. തിയേറ്ററിൽ വന്ന് കണ്ടതിന് ശേഷം പ്രേക്ഷകരാണ് തീരുമാനിക്കുന്നത് സിനിമ നല്ലതാണോ ചീത്തയാണോ എന്ന്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ്. അവരാണ് കിങ് മേക്കേഴ്‌സ്. നല്ല സിനിമകൾ ഇനിയും ചെയ്യാൻ ശ്രമിക്കും.
എന്നാൽ ചില കണക്കുകൂട്ടലുകൾ തെറ്റിപ്പോവാം. അതിൽ പ്രേക്ഷകർക്ക് കുഴപ്പമില്ല. പക്ഷേ അവരെ കളിയാക്കരുത്. അവരെ പറ്റിക്കരുത്. ഒരു ശ്രമം നടത്തി, അത് വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്ന് തോന്നിയാൽ അവർ നിഷ്‌കരുണം നമ്മെ എടുത്തെറിയും
Read more
സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് അറിവുണ്ട്. പ്രത്യേകിച്ചും കോവിഡിന്റെ സമയത്തു ധാരാളം സിനിമകൾ അവർ കണ്ടു. കൊറിയനും മറ്റു വിദേശ ഭാഷാ ചിത്രങ്ങളും അവർ കാണുകയും അതിന്റെ മേക്കിങ് പാറ്റേൺ മനസ്സിലാക്കുകയും ചെയ്തു. അത് അവരുടെ ആസ്വാദനരീതിയെ മാറ്റി. അതുകൊണ്ട്, നമ്മുടെ പഴയ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടി വരും. അപ്പോഴും തിരക്കഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെയ്യാതെ മേക്കിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പടം രക്ഷപ്പെടുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്.