അന്നൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങും; കോഫീ ഹൗസില്‍ പോയി ഫ്രഷ് ആവും, ഇന്ന് ഈ വേദിയിൽ അതിഥിയായി സംസാരിക്കുന്നു; ഐഎഫ്എഫ്കെ അനുഭവം പങ്കുവെച്ച് ജിയോ ബേബി

ചലച്ചിത്രമേളകൾ എപ്പോഴും ലോക സിനിമയെ അടുത്തറിയാനും സിനിമയെ കുറിച്ചുള്ള നിരവധി സംവാദ മണ്ഡലങ്ങൾ തുറന്നിടുകയും ചെയ്യുന്ന ഒരിടമാണ്. മുൻപ് ഐഎഫ്എഫ്കെ പ്രേക്ഷകരായി എത്തിയ പലരും പിന്നീട് സ്വന്തം സിനിമയുമായി മേളയിൽ പങ്കെടുത്തിട്ടുള്ള അനുഭവങ്ങൾ നിരവധിയാണ്.

ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ജിയോയുടെ സിനിമ മേളയിൽ പ്രദർശിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തവണ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ എന്ന ചിത്രവുമായാണ് ജിയോ ബേബി മേളയിലെത്തിയിരിക്കുന്നത്.

സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 2003 മുതൽ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ആയി എത്താറുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഐഎഫ്എഫ്കെയിൽ നിന്നും സിനിമ കണ്ടതെന്നും പിന്നീടൊരു ഘട്ടത്തിൽ സ്വന്തം സിനിമയുമായി മാത്രമേ ഇനി ഐഎഫ്എഫ്കെയിലേക്ക് വരൂ എന്ന തീരുമാനം എടുത്തുവെന്നും ജിയോ ബേബി പറയുന്നു.

“2003 മുതലാണ് ഞാന്‍ ഐഎഫ്എഫ്‍കെ കണ്ടുതുടങ്ങിയത്. ആദ്യത്തെ ഐഎഫ്എഫ്‍കെയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കൈയില്‍ പൈസയൊന്നുമില്ല, സിനിമ കാണാനുള്ള കൊതി മാത്രമേയുള്ളൂ. കിടക്കാന്‍ സ്ഥലമില്ല. സിനിമ കണ്ടിട്ട് റെയില്‍വേ സ്റ്റേഷനില്‍ പോയി കിടന്നുറങ്ങും. ഓപണ്‍ ഫോറം അന്ന് ന്യൂ തിയറ്ററിലാണ്.

ആ വേദിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട് ഞാനും എന്‍റെ ഒന്ന് രണ്ട് കൂട്ടുകാരും. രാവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ഫ്രഷ് ആവും. സിനിമ കാണും. അങ്ങനെ ഈ ഫെസ്റ്റിവല്‍ കൂടിയിട്ടുള്ള ഒരാളാണ് ഞാന്‍. നിരന്തരം വരുമായിരുന്നു. അടുത്ത വര്‍ഷമായപ്പോള്‍ അത്രയും പ്രതിസന്ധിയില്ല. ഹോട്ടല്‍ അല്ലെങ്കില്‍‍ സുഹൃത്തുക്കളുടെ വീട്ടിലായി താമസം.

ഒരു ഘട്ടമെത്തിയപ്പോള്‍ ഐഎഫ്എഫ്‍കെയില്‍ ഇനി നമ്മുടെ സിനിമ ഉള്ളപ്പോഴേ വരൂ എന്ന് തീരുമാനമെടുക്കുന്നു. അന്ന് സിനിമയൊന്നും ചെയ്തിട്ടില്ല. പിന്നെ സിനിമ ചെയ്തു. പക്ഷേ ഐഎഫ്എഫ്കെയില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. രണ്ടാമത്തെയും മൂന്നാമത്തെ സിനിമയും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നെ നാലാമത്തെ സിനിമ, ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് ഐഎഫ്എഫ്‍കെയില്‍ വരുന്ന ഒരു പടം. അപ്പോഴാണ് ഞാന്‍ ഇവിടേക്ക് തിരിച്ചുവരുന്നത്.

അത്രയും നാള്‍ ഐഎഫ്എഫ്‍കെ മിസ് ചെയ്യുന്നുണ്ടെങ്കിലും, അതൊരു ആവശ്യമില്ലാത്ത മിസ്സിം​ഗ് ആണെങ്കിലും ഓരോ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നതിന്‍റെ ഭാ​ഗമായി സംഭവിച്ചതാണ്. ഇപ്പോള്‍ ഒരു ഹാട്രിക് ആണ്. ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ഇപ്പോള്‍ കാതല്‍. അതില്‍ വലിയ സന്തോഷം. ഇപ്പോള്‍ ഒരു അതിഥിയായി ഇവിടെ നിന്ന് സംസാരിക്കാന്‍ കഴിയുന്നത് സിനിമ തരുന്ന ഒരു മാജിക് ആണ്” എന്നാണ് ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറയുന്നത്.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങൾ അന്താരഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ നടന്നുകൊണ്ടിരിക്കുന്നത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം