ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതലിന്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികല്ലാണ് കാതലിലെ മാത്യു ദേവസി.
ആർഡിഎക്സ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആദർശ് സുകുമാരനും നെയ്മർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പോൾസണും ചേർന്നാണ് കാതലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാതൽ സിനിമയുടെ തിരക്കഥയുമായി ആദർശും പോൾസണും വരുമ്പോൾ തനിക്ക് അവരെ മുൻപരിചയമില്ലായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. കൂടാതെ തിരക്കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രധാന കഥാപാത്രമായി ആദ്യം മനസിലേക്ക് വന്നത് മമ്മൂട്ടി ആയിരുന്നെന്നും ജിയോ ബേബി പറയുന്നു.
“എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ ചെയ്യാനാണ് ഇഷ്ടം. കാതലിന്റെ തിരക്കഥാ രചയിതാക്കളായ ആദർശിനെയും പോൾസനെയും എനിക്കു മുന്‍പരിചയമില്ല. ഈ കഥ പറയാൻ വരുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. ബാക്കിയൊക്കെ ഈ കഥയുടെ വളർച്ചയാണ്. മമ്മൂക്കയും ജ്യോതികയുമൊക്കെ ഇതിലേക്കു വരുന്നതെല്ലാം പിന്നീടു സംഭവിച്ചതാണ്. മമ്മൂക്കയെ വച്ച് ഈ സിനിമ ചെയ്യണം എന്നല്ല, ഈ സിനിമയുടെ കണ്ടന്റ് പറയണമെന്നുള്ളതാണ് എക്സൈറ്റ് ചെയ്യിക്കുന്നത്. അതിനു ചേരുന്ന ആക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ചോയ്സാണു മമ്മൂക്ക. വേറെ ആരുടെയടുത്തും ഈ കഥ പറഞ്ഞിട്ടില്ല. മമ്മൂക്ക കേട്ടപ്പോൾ തന്നെ സിനിമ സെറ്റായി.” മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി സിനിമയെ പറ്റി പറഞ്ഞത്.
ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇന്ന് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.