ഫഹദ് തന്നെയാണ് അങ്ങനെ ചെയ്യാൻ വേണ്ടി പറഞ്ഞത്: ജിതു മാധവൻ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും കയറിയിരിക്കുകയാണ്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് ചിത്രത്തിലെ പുതുമുഖങ്ങളായി വന്ന മിഥുൻ ജയശങ്കർ, ഹിപ്സ്റ്റർ, റോഷൻ ഷാനവാസ്, മിഥുൻ മിഥുട്ടി എന്നിവരുടെ പ്രകടനവും. ഇപ്പോഴിതാ ചിത്രീകരണ സമയത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ജിതു മാധവൻ. റീ ഇൻട്രൊഡ്യൂസിങ് ഫഫാ എന്നത് ഫഹദ് തന്നെ മുന്നോട്ട് വെച്ച കാര്യമെന്നാണ് ജിതു പറയുന്നത്.

“സിനിമയിൽ ഞാൻ ഈ പിള്ളേർക്കൊക്കെ ഒരു ടാഗ് ലൈൻ കൊടുത്തിരുന്നു. ഹോട്ട് സ്റ്റാർ ഹിപ്സ്റ്റർ, റോറിങ് സ്റ്റാർ റോഷൻ, ഹോമ‌ലി സ്റ്റാർ മിഥുൻ, ക്യൂട്ട് സ്റ്റാർ മിഥൂട്ടി ഇങ്ങനെയൊക്കെ. ഇത് ഞാൻ ഫഹദിനോട് പറഞ്ഞപ്പോൾ ഫഹദ് തന്നെയാണ് പുള്ളിയെ റീ ഇൻട്രൊഡ്യൂസിങ് ഫഹദ് ഫാസിൽ എന്ന ടാഗ് ലൈനിൽ കൊടുക്കാമെന്ന് പറയുന്നത്.

കാരണം പുള്ളി നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്‌തിട്ടില്ലല്ലോ. ഫഹദിനെ സംബന്ധിച്ച് പൂർണമായും ഇത് പുതിയ എക്സ്‌പീരിയൻസ് ആയിരുന്നു. അപ്പോൾ റീ ഇൻഡ്രൊഡ്യൂസിങ് എന്നത് നല്ല പരിപാടിയായിരുന്നു. ട്രെയിലറിൽ തന്നെയിട്ടു. അത് വർക്കാവുകയും ചെയ്തു.

ഫഹദിനെ സംബന്ധിച്ച് ഈ ക്യാരക്‌ടറിലേക്ക് വന്ന് ലാൻ്റ് ആയിക്കഴിഞ്ഞ ശേഷം പിന്നെ എല്ലാം ഈസിയായിരുന്നു. പെർഫോമൻസിന് വേണ്ടി കഷ്‌ടപ്പെട്ടതായി എനിക്ക് അറിയില്ല. ഫഹദ് ചിലപ്പോൾ പേഴ്സ‌ണലി കഷ്‌ടപ്പെട്ടിട്ടുണ്ടാകും. എനിക്കത് കാണാൻ ഇല്ലായിരുന്നു. പുള്ളി ഈസിയായി ഹാൻഡിൽ ചെയ്‌തപോലെയാണ് തോന്നിയത്.

പിന്നെ കമ്യൂണിക്കേഷൻ കാര്യമായിട്ട് തന്നെയുണ്ടായിരുന്നു. നാളെ എടുക്കേണ്ട സീനിനെ കുറിച്ച് തലേ ദിവസം തന്നെ ചർച്ച ചെയ്യും. അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ പറയും. ഓരോ ഡിസ്‌നിലും സീൻ വളർന്നുകൊണ്ടേയിരുന്നു. ഒരാളുടെ തലയിൽ നിന്നും ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാൻ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിതു പറഞ്ഞത്.

Read more

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.