എന്നെപ്പോലെ ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളില്‍ ഒന്നാണിത്; ജോണി ആന്റണി

പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജു സാംസണെ വേറിട്ടു നിര്‍ത്തുന്നതെന്ന് ജോണി ആന്റണി. സച്ചിനു ശേഷം ക്രിക്കറ്റില്‍ താന്‍ ഏറെ സ്‌നേഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറഞ്ഞു. ജോണി ആന്റണിക്കു സമ്മാനമായി രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ജേഴ്‌സി സഞ്ജു നല്‍കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സഞ്ജുവിനോടുളള സ്‌നേഹത്തെക്കുറിച്ച് ജോണി ആന്റണി കുറിച്ചത്.

ജോണി ആന്റണിയുടെ വാക്കുകള്‍:

സച്ചിനു ശേഷം ക്രിക്കറ്റില്‍ ഞാന്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകന്‍ ബേസില്‍ ജോസഫ് വഴി കുറച്ച് നാള്‍ മുന്‍പ് സഞ്ജുവും ഞാനും ഫോണ്‍ മുഖേന പരിചയപ്പെടുന്നത്.

കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോണ്‍ വരുന്നു ”ചേട്ടാ ചേട്ടന് ഞാന്‍ ഒരു ജേഴ്‌സി തരാന്‍ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരില്‍ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓര്‍മ്മകളും ഒരു നിമിഷം ഞാന്‍ ഒന്ന് ഓര്‍ത്തു പോയി.

Read more

ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓര്‍മകളും ചില തമാശകളും പങ്കുവച്ചു…, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തില്‍ തന്നെ സഞ്ജുവിന്റെ പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാള്‍ക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളില്‍ ഒന്നാണിത്…