ഇംഗ്ലീഷില്‍ പ്രസംഗിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത് സംവിധായകനും നടനുമായ ജോണി ആന്റണി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലാണ് ഇംഗ്ലീഷ് അസോസിയേഷന്റെ പ്രോഗ്രാമില്‍ ജോണി ആന്റണി എത്തിയത്. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളം സംസാരിക്കുന്നത് ശരിയല്ലെന്നു പറഞ്ഞാണ് സംവിധായകന്‍ സംസാരിച്ച് തുടങ്ങിയത്.
വേദിയിലിരിക്കുന്ന പ്രമുഖര്‍, അധ്യാപകര്‍, പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ എന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. രണ്ടു മൂന്നു വാചകങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞ അദ്ദേഹം ‘ഇത്രയേ എന്നെക്കൊണ്ടു പറ്റൂ’ എന്ന് പറഞ്ഞ് മലയാളത്തിലാണ് ബാക്കി പ്രസംഗം പൂര്‍ത്തിയാക്കിയത്.
”എന്നെ ബഹുമാനപ്പെട്ട അച്ചന്‍ പരിപാടിക്ക് വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ‘എന്താണ് പരിപാടി?’ അദ്ദേഹം പറഞ്ഞു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിയാണെന്ന് പറഞ്ഞു. ‘ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ?’ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ വൈഫിന് ചിരി. ‘നിങ്ങളെ ഇംഗ്ലിഷ് അസോസിയേഷന്‍ വിളിച്ചോ?’ എന്നായി.”
”മൂത്ത മകള്‍ പറഞ്ഞു, ‘അപ്പന്‍ പൊക്കോ അപ്പാ അപ്പന് പറ്റും’. ഇളയ മകള്‍ പറഞ്ഞു ‘അപ്പന്‍ ധൈര്യമായിട്ട് അങ്ങോട്ട് പോ. എന്താ കുഴപ്പം, എത്രയോ മണ്ടന്മാര് പോയി വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നു, പിന്നെയാണോ അപ്പന്.’ അങ്ങനെ എന്തായാലും വരാന്‍ തീരുമാനിച്ച് അച്ചന് വാക്ക് കൊടുത്തു.”
Read more
”പക്ഷേ ഒരു ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളത്തില്‍ സംസാരിക്കുന്നത് ഉചിതമല്ല, അതുകൊണ്ട് ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാം” എന്ന് പറഞ്ഞാണ് ജോണി ആന്റണി പ്രസംഗം ആരംഭിച്ചത്. താന്‍ പഠിക്കാന്‍ മോശമായിരുന്നുവെന്നും ഏറ്റവും മാര്‍ക്ക് കുറവ് ഇംഗ്ലീഷിന് ആയിരുന്നുവെന്നും ജോണി ആന്റണി വ്യക്തമാക്കി.