ഒറ്റ സിനിമകൊണ്ട് തന്നെ മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന സംവിധായകനാണ് ദിലീഷ് പോത്തന്. ഒട്ടും സിനിമാറ്റിക്കല്ലാതെ സിനിമയെടുത്ത് വിസ്മയിപ്പിച്ച ദിലീഷ് പോത്തന് ഇന്ന് സംവിധായകന്, നടന്, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയതായി ഇനി റിലീസിനെത്താനുള്ള ദിലീഷ് പോത്തന്റെ സിനിമ ജിബൂട്ടിയാണ്. അമിത്ത് ചക്കാലക്കല്‍ നായകനാകുന്ന സിനിമയില്‍ വിദേശ മലയാളിയുടെ വേഷമാണ് ദിലീഷ് പോത്തന്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദിലീഷ്.
ലോക്ക് ഡൗണ്‍, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ എത്തുമ്പോഴും കൊവിഡ് മൂര്‍ച്ഛിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്കകം ലോക്ക് ഡൗണ്‍ വന്നതോടെ അണിയറപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ‘അവിടെ എത്തുമ്പോള്‍ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചു. അപ്പോഴാണ് ലോക്ക് ഡൗണ്‍ വന്നത്. പുറത്തിറങ്ങാന്‍ പറ്റിയിരുന്നില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ നിര്‍മാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയില്‍ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ മൂലം ഒന്നും നടന്നില്ല’ ദിലീഷ് പോത്തന് പറയുന്നു.
അതേസമയം, ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം ജിബൂട്ടി ഡിസംബര്‍ 31 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമ എസ് ജെ സിനുവാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
Read more
അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന് കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം അഫ്സല് അബ്ദുള്‍ ലത്തീഫ്- എസ്.ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി.