ധര്‍മ്മജന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം: പിന്തുണച്ച് ജോജു ജോര്‍ജ്

ദുരിതാശ്വാസ നിധിയില്‍ വരുന്ന പണം ശരിയായി വിനിയോഗിക്കപ്പെടുന്നില്ലെന്ന ധര്‍മജന്റെ നിലപാട് ശരിയാണെന്ന് നടന്‍ ജോജു ജോര്‍ജ്. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. ധര്‍മ്മജന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജോജു പറഞ്ഞു.

“എനിക്ക് അറിയുന്ന ധര്‍മ്മജന്‍ തമാശറോളുകള്‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം. എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അവരുടെ കൈയിലാണ് കാര്യങ്ങള്‍.” ജോജു പറഞ്ഞു.

Read more

കഴിഞ്ഞ പ്രളയത്തില്‍ ദുരിതാശ്വാസ നിധിയില്‍ വേഗം പണമെത്തിയെന്നും എന്നാല്‍ ആ പണം വേഗത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ലെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രസ്താവന. ഈ പരാമര്‍ശത്തിന് പിന്നാലെ ധര്‍മ്മജനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.