കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെ വിമര്‍ശിച്ച് നടി ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമര്‍ശനത്തോടെ ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. സരയു അടക്കമുള്ള നടിമാരും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.
കേരളീയത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അശ്ലീലമാണെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. കാലം പുരോഗമിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ ആയി. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായാണ് തനിക്ക് തോന്നുന്നത് എന്നാണ് ജോളി ചിറയത്ത് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.
സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമില്‍ പോലും ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര അറ്റത്താണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോള്‍ നമുക്കിനി ആരെയാണ് വിമര്‍ശിക്കാനുള്ള അധികാരമുള്ളതെന്നും ജോളി ചോദിക്കുന്നു.
മന്ത്രിമാരായ ആര്‍. ബിന്ദുവും വീണ ജോര്‍ജും നടിയും നര്‍ത്തകിയുമായ ശോഭനയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നുവെങ്കിലും പുരുഷ പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ജോളി ചിറയത്ത് പങ്കുവച്ച ചിത്രവും ക്യാപ്ഷനും വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിയൊരുക്കിത്.