സ്വന്തം സിനിമകള്‍ക്ക് പോലും ഡബ്ബ് ചെയ്യാത്ത ആളാണ് താന്‍ എന്ന് നടി ജോമോള്‍. എന്നാല്‍ ജിയോ ബേബിയുടെ ‘കാതല്‍’ ചിത്രത്തില്‍ ജ്യോതികയ്ക്കായി ഡബ്ബ് ചെയ്തത് ജോമോള്‍ ആണ്. തന്റെ ശബ്ദം ജ്യോതികയ്ക്ക് ഒട്ടും ചേരില്ലെന്ന് ഉറപ്പായിരുന്നു, അതിനാലാണ് താന്‍ ഡബ്ബ് ചെയ്യാന്‍ പോയത്. എന്നാല്‍ ശബ്ദം ചേരുന്നുണ്ടെന്ന് പറഞ്ഞ് ജിയോ ബേബി മെസേജ് അയക്കുകയായിരുന്നു എന്നാണ് ജോമോള്‍ പറയുന്നത്.
സ്റ്റാര്‍ ആന്‍ഡ് െൈസ്റ്റല്‍ മാഗസിനോടാണ് ജോമോള്‍ സംസാരിച്ചത്. ”എനിക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഡബ്ബിങ് എന്റെ സിനിമകള്‍ക്ക് പോലും മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാന്‍ പറയുന്ന ഒരാളാണ് ഞാന്‍. പക്ഷേ, ജിയോ ബേബിയുടെ കാതലില്‍ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കണമെന്ന് എനിക്ക് തോന്നി.”
”എന്റെ ശബ്ദവും ജ്യോതികയുടെ ശബ്ദവും ഒട്ടും ചേരില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് ഡബ്ബ് ചെയ്യാന്‍ പോയത് തന്നെ. പക്ഷേ, ഞങ്ങളുടെ ശബ്ദം ചേരുന്നുണ്ടെന്നും ഡബ്ബ് ചെയ്യാമോയെന്നും ചോദിച്ച് ജിയോ ബേബി മെസേജ് അയച്ചു. അങ്ങനെയാണ് കാതലില്‍ ഡബ്ബ് ചെയ്യുന്നത്. ഒറ്റ ദിവസം കൊണ്ടുതന്നെ ഡബ്ബിങ് പൂര്‍ത്തിയായി.”
”വളരെ നല്ല അഭിപ്രായങ്ങളാണ് എല്ലായിടത്ത് നിന്നും ഡബ്ബിങ്ങിന് എനിക്ക് ലഭിച്ചത്” എന്നാണ് ജോമോള്‍ പറയുന്നത്. ജോമോള്‍ ആദ്യമായി ഡബ്ബ് ചെയ്തതും ജ്യോതികയ്ക്ക് വേണ്ടിയാണ്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെ ജോമോള്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.