രഞ്ജിത്ത് മോശമായി പെരുമാറിയിട്ടുണ്ട്; ഞാൻ സാക്ഷിയാണ്; എഴുത്തുകാരി കെആ‌ർ മീരക്കും അറിയാം; വെളിപ്പെടുത്തലുമായി സംവിധായകൻ ജോഷി ജോസഫ്

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ശ്രീലേഖയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫ്. കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞെന്നും താൻ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും ജോഷി വെളിപ്പെടുത്തി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോളിയോടും എഴുത്തുകാരി കെ ആ‌ർ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി ജോസഫ് കൂട്ടിചേർത്തു.

“ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. അക്സിഡന്‍റലായി ശ്രീലേഖയെ വിളിച്ചപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലിൽ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇന്‍റർവ്യൂവിൽ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു.

സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവർത്തകനായ ഫാദർ അഗസ്റ്റിൻ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആ‌ർ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാൻ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്.” എന്നാണ് ജോഷി ജോസഫ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ:

“ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിര്‍മ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താന്‍ ആദ്യം കരുതി. തന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. ടാക്സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചു കൂട്ടിയത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങി.”

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരും ചൂഷകരല്ല എന്നും സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തികളും സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്