ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

കരിയറില്‍ ബ്രേക്ക് എടുത്ത സമയത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ജോഷി. 2015ല്‍ പുറത്തിറങ്ങിയ ‘ലൈല ഓ ലൈല’യ്ക്ക് ശേഷം നാല് വര്‍ഷത്തോളം ജോഷി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. പിന്നീട് 2019ല്‍ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലൂടെയാണ് ജോഷി തിരിച്ചു വന്നത്.

ബ്രേക്ക് എടുത്തിരുന്ന കാലത്ത് തനിക്ക് നഷ്ടമായ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജോഷി ഇപ്പോള്‍. ”ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞ് എനിക്കൊരു ഇടവേളയുണ്ടായി. ആ സമയത്ത് കോട്ടയത്ത് നിന്ന് അഞ്ച് നിര്‍മാതാക്കള്‍ ചേര്‍ന്ന ഒരു കൂട്ടായ്മ ഒരു പ്രോജക്റ്റുമായി വന്നു. എനിക്ക് കഥ ഇഷ്ടമായി.”

”പ്രോജക്റ്റാവും എന്നു കരുതിയപ്പോഴാണ് നിര്‍മ്മാതാക്കള്‍ അതില്‍ നിന്നു പിന്മാറിയത്. അതിന് കാരണമായി അവര്‍ പറഞ്ഞത്രെ, ‘ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ?’ അങ്ങനെ അതു നടന്നില്ല. അതിന് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് പൊറിഞ്ചു മറിയം ജോസ്” എന്നാണ് ജോഷി വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജീവിതത്തില്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് ടെന്‍ഷനടിക്കാറില്ലെന്നും ജോഷി പറയുന്നുണ്ട്. ”നന്മ കണ്ടാല്‍ മനസുകൊണ്ട് സന്തോഷിക്കും. മോശമാണെങ്കില്‍ ആ ഭാഗത്തേക്ക് നോക്കാതിരിക്കും. ഏറ്റവും ജൂനിയറായ ഒരാളിന്റെ സിനിമ കാണുമ്പോഴും ഞാനൊരു പത്താം ക്ലാസുകാരന്റെ മനോഭാവത്തോടെയാണ് സ്‌ക്രീനിന് മുന്നിലിരിക്കുന്നത്.”

”കാരണം, അയാള്‍ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. അയാളില്‍ നിന്നും എന്തൊക്കെയോ പഠിക്കാനുണ്ടല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്” എന്നാണ് ജോഷി പറയുന്നത്. അതേസമയം, ‘റമ്പാന്‍’ എന്ന ചിത്രമാണ് ജോഷി ഇപ്പോള്‍ ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ആണ്.

Read more