സിനിമയില്‍ അവസരം കിട്ടാത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയിൽ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നിയിട്ടുള്ളത്: ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ട്. അങ്ങനെ ചില ചാത്തന്മാരെ താന്‍ കണ്ടിട്ടുണ്ട് എന്നാണ് ജോയ് മാത്യു പറയുന്നത്. ‘ശ്രീ മുത്തപ്പന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ജോയ് മാത്യു സംസാരിച്ചത്.

സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ നമുക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ.

വളരെ ബോറാണ്. ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്ന ചില പ്രതിഭകളുണ്ടല്ലോ, ഇവര് ശരിക്കും പ്രതിഭാശൂന്യരാണ്. സിനിമയുടെ ചരിത്രം, സിനിമയുണ്ടാക്കുന്ന ഇംപാക്റ്റ്‌സ്, അതിന്റെ വാല്യൂസ്, അതില്‍ അളുകള്‍ എടുക്കുന്ന പരിശ്രമങ്ങള്‍ ഇതൊന്നും കാണാതെ അവന്റെ അപകര്‍ഷത ബോധം മറച്ചുവച്ച് നിരൂപണം നടത്തുന്നത് മഹാ തോന്നിവാസമാണ്.

അത് ഒരിക്കലും നിരൂപണമെന്ന് പറയാന്‍ പറ്റില്ല അത് ആക്രോശമോ എന്തോ ആണ്. നേരെ മറിച്ച്, ഇത് ഒരു സീരിയസ് കലാരൂപമാണെന്ന് മനസിലാക്കണം. ഒരു പുസ്തകം ആരും പിറ്റേ ദിവസം റിവ്യൂ ചെയ്യാറില്ല. സിനിമ റിവ്യൂ ചെയ്യാന്‍ ഏറ്റവും എളുപ്പമാണ്.

കാര്യം രണ്ട് മണിക്കൂര്‍ ചിലവഴിച്ചാല്‍ സിനിമ റിവ്യൂ ചെയ്യാം. പെട്ടന്ന് കുറേ പൈസ കിട്ടും, പരസ്യം കിട്ടും. ശരിക്കും പറഞ്ഞാല്‍ ഇത്തരം നിരൂപകര്‍ മറ്റുള്ളവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുകയാണെന്നേ ഞാന്‍ പറയൂ. ചില ചാനലുകളും അങ്ങനെയാണ് എന്നാണ് ജോയ് മാത്യു പറയുന്നത്.