നുള്ളിപ്പെറുക്കി നല്‍കിയ പ്രളയഫണ്ട് കട്ടവരെ തുറന്ന് കാണിച്ചില്ല അതുകൊണ്ട് പാ മാപ്രകള്‍ ജൂഡ് ആന്തണിയോട് നന്ദി കാണിക്കണം: ജോയ് മാത്യു

ജൂഡ് ആന്തണി ജോസഫിന്റെ 2018 ചിത്രം കോടികള്‍ നേടി മുന്നേറുമ്പോള്‍ പലവിധ ആരോപണങ്ങളും വിമര്‍ശനങ്ങളും ചിത്രം നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു.

ജോയ് മാത്യു പറഞ്ഞത്

2018 – ജീവിത യാഥാര്‍ഥ്യങ്ങളുമായി കോര്‍ത്തിണക്കുമ്പോഴേ സിനിമയും സാഹിത്യവുമൊക്കെ ആസ്വാദ്യകരമാവൂ, മഹത്തായ സൃഷ്ടിയാകൂ.
മലയാളി ഈ നൂറ്റാണ്ടില്‍ അനുഭവിച്ച പ്രളയ ഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ വളര്‍ന്ന് ഒടുക്കം മഴയും മരണവുമായുള്ള മല്പിടുത്തങ്ങളിലേക്കെത്തിച്ച സിനിമയുടെ സംവിധാന സാഹസികതയുടെ നേട്ടം അമരക്കാരനായ ജൂഡ് അന്തോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇത്തരമൊരു ചലച്ചിത്രേതിഹാസത്തിനു പൂര്‍ണ പിന്തുണ നല്‍കിയ നിര്‍മ്മാതാക്കളായ വേണു കുന്നപ്പള്ളി ,ആന്റോ ജോസഫ് ,പത്മകുമാര്‍ എന്നിവരും ആദരമര്‍ഹിക്കുന്നു. അന്യഭാഷാ അമര്‍ ചിത്രകഥകള്‍ കണ്ട് രോമാഞ്ചമണിയേണ്ടിവന്ന നമുക്ക് ഇതാ ഇപ്പോള്‍ സാങ്കേതികമേന്മയില്‍ മുന്‍പനായിത്തന്നെ മലയാളിയെയും അവന്റെ ജീവിതത്തെയും ലോകസിനിമയില്‍ അടയാളപ്പെടുത്തിയ മഹാകാവ്യമാണ്
2018.

എന്നാല്‍ ചില പാര്‍ട്ടി മാധ്യമ പ്രവര്‍ത്തകര്‍ (പാ മാ പ്രാകള്‍ )മുഖ്യനെ പുകഴ്ത്തിയില്ല, അതിനാല്‍ ഈ സിനിമ നന്നല്ല എന്നെല്ലാം പ്രചരിപ്പിക്കുന്നത് കണ്ടു. സത്യത്തില്‍ സംവിധായകന്‍ ജൂഡിനോട് പാ മാ പ്രകള്‍ നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്. എല്ലാം തുറന്നുകാണിച്ചില്ല എന്നതിനു മാത്രമല്ല പേമാരിയ്ക്കു പിന്നാലെ കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീനമായ ഡാം മാനേജ്‌മെന്റും ഒരു ജനതയെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറാന്‍ എല്ലാത്തരത്തിലുള്ള ഹൃദയാലുക്കളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി നല്‍കിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെയും തുറന്ന് കാണിച്ചില്ല എന്നതിനാണ് പാമാപ്രകള്‍ ജൂഡിനോട് നന്ദി കാണിക്കേണ്ടത്.

Read more

ഈ ഇതിഹാസ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ഞാന്‍. അപകടമുന്നറിയിപ്പ് (പാ മാ പ്രകള്‍ക്ക് മാത്രം ) ‘2018-പൊട്ടിച്ചതും വെട്ടിച്ചതും”എന്ന പേരില്‍ ഒരു രണ്ടാംഭാഗം ഉടന്‍ എന്നും അദ്ദേഹം കുറിച്ചു.