'ചെന്നിത്തലയെ സമരപന്തലില്‍ നിന്ന് ചെറുപ്പക്കാര്‍ ഓടിച്ചുവിട്ടു, എന്ത് ബ്യൂട്ടിഫുള്‍ ആയിരുന്നു അത്'- ജോയ് മാത്യു

ശ്രീജിത്തിന്റെ സമരപന്തലില്‍ നടന്‍ ജോയ് മാത്യു സന്ദര്‍ശിക്കാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, അവിടെ നടന്ന മറ്റൊരു കാര്യമാണ് ഇവിടെ പറയുന്നത്. ജോയ് മാത്യു അവിടെ എത്തിയപ്പോള്‍ ഖദര്‍ ധാരിയായ ഒരാള്‍ കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ പേരും പറഞ്ഞ് അവിടെ എത്തി. ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് ലക്ഷ്യം.

ജോയ് മാത്യുവിന്റെ അടുത്ത് ഇരുന്ന് ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് ശ്രമിച്ചപ്പോള്‍ അദ്ദേഹം അത് സമ്മതിച്ചില്ല. മറ്റെവിടെയെങ്കിലും പോയിരുന്ന് അത് പറഞ്ഞാല്‍ മതിയെന്നായി ജോയ് മാത്യു. നിങ്ങളുടെ സംഘടന ഏതാണെന്നും ഇതേക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നും ജോയ് മാത്യു പറഞ്ഞപ്പോള്‍ ഖദര്‍ധാരി മറുപടി കൊടുത്തത് പത്രം വായിക്കണമെന്നായിരുന്നു. കോമഡി പറഞ്ഞ് ചിരിപ്പിക്കല്ലേ എന്ന് ജോയ് മാത്യു തിരിച്ചടിച്ചു.

“ഒരു സമരം നടക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഘടകളുടെ ആളുകള്‍ പബ്ലിസിറ്റിക്കായി അങ്ങോട്ട് വരും. ഇത്തരക്കാരോട് നോ പറയാനുള്ള ആര്‍ജവം യുവത്വം കാണിക്കണം. നിങ്ങള്‍ രമേശ് ചെന്നിത്തലയെ ഇവിടെനിന്ന് ഓടിച്ചില്ലേ, എത്ര ബ്യൂട്ടിഫുള്‍ ആയിരുന്നു അത്” – ജോയ് മാത്യു ചോദിച്ചു.

“കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാന്‍ വേണ്ടിയല്ല. ശ്രീജിത്ത് മുന്‍പ് സമരം ചെയ്തപ്പോള്‍ ഞാന്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്. അന്ന് ഈ സമരത്തെ ശ്രദ്ധിച്ചില്ല. അതെന്റെ തെറ്റാണ്” ജോയ് മാ്ത്യു പറഞ്ഞു.

ഇന്നലെ നടന്‍ ടൊവിനോ തോമസും ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. കഴിഞ്ഞ 765 ദിവസമായി ശ്രീജിത് സമരം ചെയ്യുകയാണ്. ഒരു യുവാവ് വെറുതെ ഇത്രയും ദിവസം സമരം ചെയ്യില്ല. ശ്രീജിത്തിന്റെ സമരത്തില്‍ സത്യസന്ധതയുണ്ട്. അതിനാലാണ് പിന്തുണ അറിയിക്കാന്‍ എത്തിയത്. കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ടൊവിനോ പറഞ്ഞു.

2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക