'സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവം എനിക്കും വേണ്ട'

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവം തനിക്കും വേണ്ടെന്ന പ്രസ്ഥാപനയുമായി ജോയി മാത്യു. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി രംഗത്ത് വന്നതും സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച മിന്നാമിനുങ്ങെന്ന ചിത്രം മേളയില്‍ ഇല്ലാത്തതും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സുരഭിക്ക് ശക്താമായ പിന്തുണ അറിയിച്ച് ജോയി മാത്യുവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്.

“നിലപാടുകള്‍:
ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച
കലാകാരിയുമായ സുരഭിയെ
വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട” എന്നാണ് ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചലച്ചിത്രമേലളയിലേക്ക് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സുരഭി ആരോപിച്ചിരുന്നു. അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയില്‍ മുഴുവനും എങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കുന്ന “അവള്‍” ആകാന്‍ തനിക്ക് എത്ര കാലവും ദൂരവും ഉണ്ടെന്നും അവരോട് അടുത്തു നില്‍ക്കുന്ന നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയിരുന്നതെങ്കില്‍ ഇതാണോ സംഭവിക്കുക എന്നും സുരഭി ചോദിച്ചിരുന്നു. ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കായി പുതിയ ഒരു സംഘടന വേണ്ടി വരെമോയെന്നു ചോദ്യവും സുരഭി ഉന്നയിച്ചിരുന്നു.

സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ കമലും രംഗത്ത് വന്നിരുന്നു. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ കഴിയില്ലെന്നുമാണ് കമല്‍ പ്രതികരിച്ചത്.