മമ്മൂക്കയെ ആരൊക്കെയോ ചേര്‍ന്ന് പേടിപ്പിച്ചു, ഇപ്പോള്‍ ബയോപിക്ക് എടുക്കാന്‍ സമ്മതിക്കുന്നില്ല, എന്നെങ്കിലും പച്ചക്കൊടി വീശും: ജൂഡ് ആന്തണി

മമ്മൂട്ടിയുടെ ബയോപിക്ക് എടുക്കാന്‍ അദ്ദേഹം സമ്മതിക്കുന്നില്ലെന്ന് ജൂഡ് ആന്തണി. എന്റെ ജീവിതം സിനിമ ആക്കേണ്ട എന്നാണ് മമ്മൂക്ക പറയുന്നത്. ആദ്യം ബയോപിക്ക് ചെയ്യാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ പേടിപ്പിച്ചതു കൊണ്ടാണ് സിനിമയാക്കണ്ട എന്ന് അദ്ദേഹം പറഞ്ഞതെന്നാണ് ജൂഡ് പറയുന്നത്.

”മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാന്‍ അദ്ദേഹം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവര്‍ക്കും സമ്മതമാണ് പക്ഷെ ഞാന്‍ ഒരുപാട് തവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂക്ക പറയുന്നത്. എന്നെങ്കിലും മനസ്സ് മാറിയാല്‍ എനിക്ക് തന്നെ തരണമെന്ന് പറഞ്ഞിട്ടുണ്ട്.”

”മമ്മൂക്ക ആദ്യം ബയോപിക് ചെയ്യാന്‍ സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ അദ്ദേഹത്തെ പേടിപ്പിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ മമ്മൂക്കയുടെ ജീവിതം സിനിമാ ആക്കുകയോ ഇല്ലെങ്കിലോ അങ്ങനെത്തെ ഒരു ജീവിതം എല്ലാവര്‍ക്കും ഒരു ഇന്‍സ്പിറേഷന്‍ ആണ്.”

”വൈക്കം പോലൊരു സ്ഥലത്ത് നിന്ന് ഒരു മാസികയില്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് അതിന് വേണ്ടി ഫോട്ടോ പോസ്റ്റ് അയച്ചു കൊടുത്ത ആളാണ്. ആ ആള്‍ മലയാള സിനിമയിലെ മെഗാസ്റ്റാറായി മാറിയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ്. നിവിനെ നായകനാക്കിയാണ് ഞാന്‍ കഥ ആലോചിച്ചത്.”

”അപ്പോള്‍ മമ്മൂക്കയോട് ഞാന്‍ ചോദിച്ചു നിവിന്‍ ആയതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞത് ദുല്‍ഖറിനെ വെച്ചാണെങ്കിലും നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. എന്നെങ്കിലും ഈ പടത്തിന് മമ്മൂക്ക പച്ച കൊടി വീശും അപ്പോള്‍ ഞാന്‍ ഈ സിനിമ ചെയ്യും” എന്നാണ് ജൂഡ് ആന്തണി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.