ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ സദസിലാണ് പ്രേക്ഷകർ വരവേറ്റത്.
ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയത് മികച്ച കഥാപാത്രത്തിലൂടെയും സിനിമായിലൂടെയുമാണ്. ഇപ്പോഴിതാ 25 വർഷത്തെ സിനിമ ജീവിതത്തെ പറ്റിയും കാതൽ എന്ന സിനിമയിലെ കഥാപാത്രത്തെ പറ്റിയും സംസാരിക്കുകയാണ് ജ്യോതിക.
മമ്മൂട്ടി തനിക്ക് തുല്യമായ ഒരു സ്പേസ് സിനിമയിൽ തരുന്നുണ്ടെന്നും എന്നാൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റ് കഥാപാത്രങ്ങൾ അത്തരത്തിലുള്ളതല്ല എന്നുമാണ് ജ്യോതിക പറയുന്നത്.
“ഞാനിതുവരെ ഒരുപാട് ആളുകളുടെ കൂടെ വർക്ക് ചെയ്‌തിട്ടുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹം അതിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരാളാണെന്ന്. ഒരു ബോൾഡ് ആയിട്ടുള്ള സബ്‌ജക്‌ട് ആണ് അദ്ദേഹം എടുത്തിട്ടുള്ളത്. ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് വലിയ വലിയ സിനിമകൾ വരുന്നുണ്ട്.
പക്ഷേ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ എനിക്ക് ഒരുപാട് പടങ്ങൾ വരുന്നുണ്ട് പക്ഷേ അതിലൊന്നും എനിക്കൊരു റോൾ ഇല്ല. ഞാൻ തന്നെ ഈ ഒരു ചോദ്യം ഒരുപാട് വട്ടം ചോദിച്ചതാണ്. എന്തിനാണ് നിങ്ങൾ എൻ്റെ അടുത്ത് വന്ന് ഇത് പറയുന്നത് എന്ന്.
ഒരു രണ്ട് സീൻ എങ്കിലും തരൂ എന്ന് ഞാൻ ചോദിച്ചതാണ്. 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് വളരെ സങ്കടം ഉള്ള ഒരു കാര്യമാണ്. ഞാനിത് ഒരുപാട് ഡയറക്‌ടർമാരുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഒരു രണ്ടുമൂന്ന് നല്ല സീനുകൾ ഉണ്ടായാൽ ഞാൻ എന്തായാലും ചെയ്യും.
നിങ്ങളെന്നെ ബഹുമാനിച്ചുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യുന്നു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാവർക്കും യുവതാരങ്ങളെയാണ് ഇഷ്ടം. ആ സ്ഥാനത്ത് നിങ്ങളെന്നെ കാസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എവിടെയാണ് സീനുകൾ എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാനൊരു കാര്യവുമില്ലാതെ ഹീറോയുടെ അടുത്ത് നിൽക്കുക എന്നതിന്റെ ലോജിക് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് അത് അനാദരവായിട്ടാണ് തോന്നിയത്.
പക്ഷേ അത് മലയാളം ഇൻഡസ്ട്രിയിൽ ആകുമ്പോൾ അവിടെ ഒരു തുല്യമായ സ്പേസ് കിട്ടുന്നുണ്ട്. മമ്മൂട്ടി സാർ എനിക്ക് ഒരു തുല്യമായ സ്പേസ് തന്നിട്ടുണ്ട്. അവിടെ ചർച്ചയോ ഡിബേറ്റോ ഒന്നുമില്ല. അദ്ദേഹം അദ്ദേഹത്തിൻ്റെ റോൾ ചെയ്യുന്നു. അതുപോലെ ഞാൻ എൻ്റെ റോളും ചെയ്യുന്നു. വളരെ ചെറിയ ഡയലോഗുകൾ മാത്രമേ ഉള്ളൂ. അതുപോലെ ഒരുമിച്ചുള്ള സീനുകളും കുറച്ചേയുള്ളൂ.
അതൊരു വ്യത്യസ്‌തമായ റിലേഷൻഷിപ്പ് ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ പോഷൻ വളരെ കോൺഫിഡൻ്റ് ആയിട്ടാണ് ചെയ്യുന്നത്. എനിക്ക് വളരെ ബഹുമാനമാണ് അവിടെ തോന്നിയത്. ഞാൻ ഇത് എന്തായാലും പറഞ്ഞെ മതിയാകു. എനിക്ക് നല്ല റെസ്പെക്ട‌് കിട്ടിയിട്ടുണ്ട്” എന്നാണ് കാതലിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ജ്യോതിക പറഞ്ഞത്.