സിബിഐ സിനിമാ സീരിസിന്റെ അഞ്ചാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. മമ്മൂട്ടിയെ പോലെ തന്നെയാണ് സേതുരാമയ്യരും, കാലാതീതമാണ് ഈ രണ്ടു പ്രതിഭാസങ്ങളും എന്നാണ് സംവിധായകന്‍ കെ മധു പറയുന്നത്. സേതുരാമയ്യരെ പുനരവതരിപ്പിക്കുമ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടുതലാണെന്നും മധു പറയുന്നു.
നായകന്‍ എന്നതിലുപരി മമ്മൂട്ടിയുമായി തനിക്കൊരു സഹോദരതുല്യ
ബന്ധമുണ്ട്. ഇപ്പോള്‍ തന്നെ ചിത്രത്തിന്റെ പൂജയുടെ കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘മധു അങ്ങ് തുടങ്ങിക്കോ, ഞാന്‍ എത്തുന്നു..’ എന്നാണ്. അതാണ് അദ്ദേഹത്തിന്റെ സ്പിരിറ്റ്.
സേതുരാമയ്യര്‍ എന്ന കഥാപാത്രത്തോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ട്. പൂജ കഴിഞ്ഞപ്പോള്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. ‘എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും’ എന്നു പറഞ്ഞു. ആ രണ്ടു വാക്കില്‍ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. മനസ്സ് കൊണ്ട് തന്നെ സേതുരാമയ്യരായി അദ്ദേഹം മാറിക്കഴിഞ്ഞു എന്ന് മനസിലായി.
പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഐക്കണിക് കഥാപാത്രത്തെ തിരശീലയില്‍ പുനരവതരിപ്പിക്കുമ്പോള്‍ ഉത്തരവാദിത്വം കൂടുതലാണ്. ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നത് സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
ചിത്രത്തില്‍ ചാക്കോ ആയി മുകേഷ് തന്നെ എത്തും. രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.