കേരള സാഹിത്യ അക്കാദമിയുടെ കീഴിൽ നടന്ന ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിൽ പങ്കെടുത്തത്തിന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് നൽകിയ പ്രതിഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ രംഗത്ത്.
ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാനുള്ള തീരുമാനം ആയിട്ടുണ്ടെന്ന് പറഞ്ഞ സച്ചിദാനന്ദൻ, നിയമപ്രകാരം ഓഫീസ് ചെയ്തതിൽ തെറ്റ് പറയാനാവില്ല എന്നും പറയുന്നു. കൂടാതെ സാധാരണ എല്ലാ എഴുത്തുകാർക്കും ആയിരം രൂപയാണ് കൊടുക്കുന്നതെന്നും, എഴുത്തുകാർ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നൽകുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചു വരുന്നതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
“നിയമപ്രകാരം ഓഫിസ് ചെയ്തതിൽ തെറ്റു പറയാനാവില്ല. എന്നാൽ ബാലചന്ദ്രന് മാന്യമായ പ്രതിഫലം നൽകാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്.
അദ്ദേഹത്തോട ബാങ്ക് അക്കൗണ്ട് നമ്പർനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിമിതമായ ഫണ്ടു കൊണ്ടാണ് അക്കാദമി സാഹിത്യോത്സവം നടത്തുന്നത്. സാധാരണ എല്ലാ എഴുത്തുകാർക്കും ആയിരം രൂപയാണ് കൊടുക്കുന്നത്.
എഴുത്തുകാർ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നൽകുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചു വരുന്നത്.
അതു യാന്ത്രികമായി ഫോളോ
ചെയ്യുകയാണ് ഓഫിസ് ചെയ്തത്. ബാലചന്ദ്രന്റെ കാര്യത്തിൽ പ്രത്യേക പരിഗണന വേണ്ടതായിരുന്നു.
അദ്ദേഹം കൂടുതൽ നേരം സംസാരിച്ചു. അതിനു വേണ്ടി കൂടുതൽ പ്രയത്നിച്ചിട്ടുമുണ്ട്.
ഇങ്ങനെ സംഭവിച്ചതിൽ തനിക്കു ഖേദമുണ്ട്. താൻ വിളിച്ചതുകൊണ്ടു മാത്രം അക്കാദമിയിൽ വന്നയാളാണ്. എഴുത്തുകാർക്കു പൊതുവേ പ്രതിഫലം കുറച്ചുനൽകുന്നത് പൊതുവായ പ്രശ്‌നമാണ്.
അതൊരു സാമുഹ്യ പ്രശ്‌നമായി കാണണം. അതാണ് ബാലചന്ദ്രൻ ഉയർത്തിയത്. അതിൽ പൂർണമായും ബാലനൊപ്പമാണ്.” എന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്.