വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തിയതിന് പിന്നാലെ പ്രശംസകൾക്കപ്പുറം നിരവധി ട്രോളുകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം അടക്കം ട്രോൾ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ പ്രണവിനെ കുറിച്ച് കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
പ്രണവിന് അച്ഛനെ കുറിച്ച് ഇതുവരെ മനസിലായിട്ടില്ലെന്നാണ് ഷാജോൺ പറയുന്നത്. സിനിമയുടെ ഭാഗമായുള്ള കഥ കേൾക്കലിനിടെ നിലത്തിരുന്നാണ് പ്രണവ് കഥ കേട്ടതെന്ന് പറഞ്ഞ ഷാജോൺ, പ്രണവ് ഗംഭീരമായ മനുഷ്യനാണെന്നും കൂട്ടിചേർത്തു.
“അവനെ കുറിച്ച് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. അവന് ഇതുവരെ അച്ഛനെ കുറിച്ച് മനസിലായിട്ടില്ല എന്ന് തോന്നുന്നു. മോനേ അച്ഛൻ മലയാളികൾക്ക് എന്താണെന്നോ അച്ഛൻ്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിത്തവുമുണ്ടോയെന്ന് ഞാൻ ഒരു ദിവസം അവനോട് ചോദിച്ചിട്ടുണ്ട്.
‘ചേട്ടാ അത് പിന്നെ’ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അരുൺ ഗോപിയുടെ സിനിമയിലാണ് ഞാനും അപ്പുവും ഒന്നിച്ച് അഭിനയിച്ചത്. ഞാനും അരുണും ഇരുന്ന് കഥ ഡിസ്‌കസ് ചെയ്യുമ്പോൾ അവൻ വന്ന് നിലത്തിരുന്നിട്ടാണ് കേൾക്കുക. ആ സമയത്ത് എനിക്ക് ഓരോ സീനും അരുൺ പറഞ്ഞു തരികയാകും. അവൻ അതും കേട്ട് അവിടെ ഇരിക്കും. ഞാൻ, മോനേ ഇങ്ങോട്ട് കയറി ഇരുന്നോ എന്ന് പറഞ്ഞപ്പോൾ വേണ്ട ചേട്ടാ ഞാൻ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞ് താഴെ തന്നെയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ എവിടെയെങ്കിലും പോയിരുന്നാണ് കഴിക്കുക.
ഇതൊന്നും ആ പയ്യൻ്റെ തലയിൽ കയറിയിട്ടില്ല. അച്ഛൻ്റെ ഒരു ലെവൽ അവന് അറിയില്ലെന്ന് തോന്നുന്നു. അങ്ങനെ ഇരിക്കുന്നതാണ്. വലിയൊരു അത്ഭുതമാണ് അവൻ. ഗംഭീരമായ ഒരു മനുഷ്യനാണ് അപ്പു. ഒരുപാട് പേര് കണ്ട് പഠിക്കേണ്ട കുറെ കാര്യങ്ങൾ അവനിലുണ്ട്.” എന്നാണ് ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞത്.