'വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറുപുഞ്ചിരി, ജീവിതത്തിൽ അഭിനയിക്കാത്ത ഒരേയൊരു നടി അത് അവരാണ്; കലൂർ ഡെന്നിസ്

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ​ഗീത. ഇപ്പോഴിതാ നടിയുടെ പഴയ സിനിമാ ജീവിതത്തെ പറ്റി തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ​ഗീതയെക്കുറിച്ച് പരാമർശിച്ചത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത നടിയാണ് ​ഗീതയെന്നാണ് അദ്ദേഹം പറയുന്നത്. ഗീത ഇപ്പോൾ നമ്മുടെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ലെങ്കിലും അവരിൽ കാണുന്ന ഒരു സ്വഭാവ സവിശേഷത ഇന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെത്തി നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരിയാണെന്നാണ് കലൂർ ഡെന്നിസ് കുറിച്ച്. ​ഗീത മലയാളത്തിലേയ്ക്ക് എത്തിയതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. സന്ദർഭം എന്ന സിനിമയിലെയ്ക്കാണ് ​ഗീതയെ ആദ്യം പരി​ഗണിക്കുന്നത്.

ചിത്രത്തിലെയ്ക്ക് ആദ്യം രണ്ട് മലയാളി നടിമാരെ ആലോചിച്ചെങ്കിലും കഥാപാത്രത്തിന് അവർ ചേർന്ന് വന്നില്ല. അങ്ങനെ തെലുങ്ക്, തമിഴ് നടി ആയാലും മതിയെന്ന ചിന്തയിലാണ് ​ഗീതയെ കാണാൻ പോവുന്നത്. കമൽഹാസൻ ചിത്രത്തിൽ ​​ഗാനരം​ഗത്തിൽ അഭിനയിക്കുകയായിരുന്നു അന്ന് ​ഗീത. കമൽഹാസന്റെ കൂടെ അഭിനയിക്കുന്ന നടിയായതിനാൽ മോശമാവില്ലെന്ന് കരുതിയാണ് കാണാൻ പോയത്.

കാണാനെത്തിയപ്പോൾ ​ഗീത കമൽ ഹാസൻ, ജയപ്രദ എന്നിവർക്കൊപ്പം ഷൂട്ടി​ഗിൽ ഡാൻസ് കളിക്കുകയായിരുന്നു. നീളമുള്ള പെൺകുട്ടി. ആദ്യ കാഴ്ചയിൽ തന്നെ തങ്ങളുടെ കഥാപാത്രത്തിന് വേണ്ട പെൺകുട്ടിയല്ല ​ഗീതയെന്ന് തോന്നി. ​ഗീതയ്ക്ക് അന്ന് മറ്റ് സിനിമകളുടെ തിരക്കും ഉണ്ടായിരുന്നു.ഒടുവിൽ സരിതയാണ് ചിത്രത്തിൽ നായിക ആയെത്തിയത്. 1984 ൽ റിലീസ് ചെയ്ത സന്ദർഭം മെ​ഗാ ഹിറ്റായിരുന്നു. ഈ സിനിമ ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് ​ഗീത പഞ്ചാ​ഗ്നിയിലൂടെ മലയാളത്തിൽ എത്തുന്നത്. പഞ്ചാ​ഗ്നിയിൽ ​ഗീതയെ കണ്ടപ്പോൾ അമ്പരന്നെന്നും കലൂർ ഡെന്നിസ് പറയുന്നു.