വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി കമൽ ഹാസൻ. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ തന്റെ ഹൃദയം തകർക്കുന്നതാണെന്നും, ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും തന്റെ നന്ദിയും കമൽ ഹാസൻ അറിയിച്ചു.
“കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുകയാണ്.” എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ കമൽ ഹാസൻ പറഞ്ഞത്.
ഉരുൾപൊട്ടലിനെ തുടർന്ന് 225 പേരെ കാണാതായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 3069 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്.