ഇന്നാണ് ആ ചിത്രം ഇറക്കിയിരുന്നത് എങ്കിൽ കുറച്ച് കൂടെ നന്നാക്കാമായിരുന്നു: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ഇപ്പോഴിതാ 1992-ൽ പുറത്തിറങ്ങിയ ‘ആയുഷ്കാലം’ എന്ന തന്റെ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമൽ. ഇന്നായിരുന്നു ആ ചിത്രം ഇറങ്ങിയതെങ്കിൽ കുറച്ചകൂടെ ചർച്ച ചെയ്യപ്പെട്ടേനെ എന്നാണ് കമൽ പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന ടെക്‌നിക്‌സിന് ഒന്നും വി.എഫ്.എക്‌സുമായി ബന്ധപ്പമില്ലെന്നും കമൽ പറയുന്നു.

“മലയാളത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സിനിമ വന്നിരുന്നില്ല. ഇന്നാണ് ആയുഷ്‌ക്കാലം ചെയ്യുന്നതെങ്കില്‍ വളരെ ഈസിയായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ തനിക്ക് ചെയ്യാമായിരുന്നു. പ്രധാനമായും ഗ്രാഫിക്‌സിന്റെ കാര്യത്തില്‍.

അന്ന് സി.ജി ഒന്നും ഇല്ലല്ലോ. വി.എഫ്.എക്‌സും ഇല്ല. സിനിമയില്‍ കാണിച്ചിരിക്കുന്ന ടെക്‌നിക്‌സിന് ഒന്നും വി.എഫ്.എക്‌സുമായി ബന്ധപ്പമില്ല. പഴയകാലത്തെ മിച്ചല്‍ ക്യാമറ വെച്ചാണ് അത്തരം രംഗങ്ങളൊക്കെ ഷൂട്ട് ചെയ്തത്. ഹോളിവുഡിലൊക്കെ 1920 കളിലും 1940 വരെയൊക്കെ ഇത്തരം സിനിമകള്‍ ഷൂട്ട് ചെയ്തിരുന്ന ക്യാമറയായിരുന്നു അത്.

ചെന്നൈയില്‍ 50 കളിലൊക്കെ മിച്ചല്‍ ക്യാമറയിലാണ് തമിഴ്, തെലുങ്ക് പ്രേത സിനിമകളൊക്കെ ഷൂട്ട് ചെയ്തിരുന്നത്. അതിന്റെ ഭാരം ഭയങ്കരമാണ്. മൂന്നോ നാലോ പേരില്ലാതെ ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് എടുത്ത് വെക്കാന്‍ പറ്റില്ല. ഫിലിം റോള്‍ 1000 ഫീറ്റിന്റെ വലിയ കാനാണ്. ആ ക്യാമറ വെച്ചിട്ടാണ് ട്രിക്ക് ഫോട്ടോഗ്രഫി നടത്തിയത്. സിനിമയില്‍ ചില ടെക്‌നിക്‌സ് ചെയ്തത്. ഒരാളുടെ ശരീരത്തിലേക്ക് കൈ പോകുക ഡോറിന്റെ ഉള്ളിലൂടെ അകത്തേക്ക് കടക്കുക ഇതൊക്കെ അങ്ങനെ ഷൂട്ട് ചെയ്തതാണ്.

ആ ലിമിറ്റേഷന്‍ സിനിമ ചെയ്യുമ്പോള്‍ വല്ലാതെ ഉണ്ടായിരുന്നു. നമ്മള്‍ മനസില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും അതേപോലെ ചെയ്യാന്‍ പറ്റിയില്ല. ആ സിനിമ കണ്ടപ്പോള്‍ ചില നിരൂപകര്‍ എഴുതിയ കാര്യവും ചിലര്‍ ഇപ്പോള്‍ കാണുമ്പോള്‍ പറയുന്ന ഒരു കാര്യവുമുണ്ട്. അതിലൊന്ന് പ്രേതത്തിന് നിഴലുണ്ടോ എന്നതാണ്. അന്നൊക്കെ ഞാന്‍ കൊടുത്ത മറുപടി എന്റെ പ്രേതത്തിന് നിഴലുണ്ടാകും. നിങ്ങള്‍ ഇതിന് മുന്‍പ് പ്രേതത്തിനെ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. പകല്‍ സൂര്യവെളിച്ചത്തില്‍ നടക്കുമ്പോള്‍ എന്റെ പ്രേതത്തിന് നിഴലുണ്ട്. അത് സ്വാഭാവികമാണ് എന്ന് പറഞ്ഞാണ് ഞാന്‍ ആര്‍ഗ്യൂ ചെയ്തത്.

സത്യം പറഞ്ഞാല്‍ സിനിമ സണ്‍ ലൈറ്റില്‍ ഷൂട്ട് ചെയ്യുകയാണ്. ജയറാമിന്റേയും മുകേഷിന്റേയും കഥാപാത്രങ്ങള്‍ റോഡിലൂടെ വര്‍ത്താനം പറഞ്ഞ് നടന്നുപോകുമ്പോള്‍ ആര്‍ടിഫിഷ്യല്‍ ലൈറ്റാണെങ്കില്‍ നമുക്ക് കട്ട് ചെയ്യാം. എന്നാല്‍ ആകാശത്ത് നില്‍ക്കുന്ന സൂര്യനെ എന്ത് വെച്ച് കട്ട് ചെയ്യും. ഉറപ്പായും നിഴല്‍ വരും. ഇന്നാണെങ്കില്‍ സി.ജിയില്‍ ഈസിയായി മായ്ച്ചുകളയാം.

സി.ജിയും പരിപാടിയും ഇല്ലെങ്കില്‍ ഇപ്പോഴത്തെ സിനിമാതാരങ്ങള്‍ എങ്ങനെയാണ് പറന്നടിക്കുന്നത്. വിജയ് 200 പേരെ അടിച്ച് പറത്തുന്നത് സിനിമയില്‍ കാണിക്കുന്നത് സി.ജി അല്ലേ. അന്ന് സി.ജി ഉണ്ടായിരുന്നെങ്കില്‍ ഇതിനെ ഈസിയായി മായ്ച്ചുകളയുമായിരുന്നു. അത് പറ്റാത്തതുതൊണ്ട് എന്റെ പ്രേതത്തിന് നിഴലുണ്ടെന്ന് പറഞ്ഞ് ഞാന്‍ വിമര്‍ശകരോട് തര്‍ക്കിച്ചു.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.