മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.
മീര ജാസ്മിൻ, കാവ്യ മാധവൻ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം.
“ഭർത്താവിനെ നഷ്‌ടപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന പെൺകുട്ടി അനുഭവിക്കുന്ന വേദന വലുതാണ്. പെരുമഴക്കാലത്തിൽ വളരെ കുറച്ച് ഡയലോഗ് മാത്രമേ കാവ്യക്ക് ഉള്ളൂ. ഹൃദയസ്‌പർശിയായി കാവ്യ അത് അഭിനയിക്കുകയും ആ വർഷം മികച്ച നടിക്കുള്ള അവാർഡ് വാങ്ങുകയും ചെയ്‌തു. മീരക്ക് ആ സിനിമക്ക് അവാർഡ് ഒന്നും കിട്ടിയതുമില്ല.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. സ്ക്രീൻ സ്പേസ് നോക്കിയല്ല ഒരു കഥാപാത്രം ജനങ്ങളുടെ മനസിലേക്ക് എത്തുന്നതും അംഗീകാരങ്ങൾ നേടുന്നതും. അങ്ങനെ നോക്കുമ്പോൾ ഗംഗയാണ് ആളുകളുടെ മനസിൽ കൂടുതൽ കയറിയത്. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് ‘അങ്കിളേ, എന്നെ സ്ഥിരമായി ഡബ്ബിങ്ങിനായി ആരും സമ്മതിക്കില്ല. എൻ്റെ വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് ശബ്‌ദം നൽകുന്നത്. എനിക്ക് അത് വലിയ വിഷമമാണ്. അതുകൊണ്ട് ഇതിൽ ഞാൻ ഡബ്ബ് ചെയ്യട്ടെ’ എന്ന് കാവ്യ ചോദിക്കുന്നത്. എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.