ആ ചിത്രത്തിൽ കള്ളുകുടിയനായി മോഹൻലാൽ അഭിനയിക്കുന്നത് ശരിയായ രീതിയിൽ ആണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഏത് സംവിധായകന്റെ കൈയിൽ എത്തിയാലും മികച്ചതായി വർക്ക് ചെയ്യാൻ അറിയുന്ന മഹാ നടനാണ് മോഹൻലാൽ എന്നാണ് കമൽ പറയുന്നത്.

“ചോയ്ച്ച് ചോയ്ച്ച് പോകാം.. ശരിക്കും ചിരിപ്പിച്ച ഡയലോ​ഗ് ആയിരുന്നു അത്. ഈ കഥാപാത്രത്തെ എങ്ങനെ ചെയ്യണം എന്നൊരു കൺഫ്യൂഷൻ ആദ്യം ഉണ്ടായിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിവസം ഷൂട്ട് ചെയ്തു. എന്നാൽ എനിക്കൊരു ടെൻഷൻ ഉണ്ടായി. അതായത് ഈ കള്ളുകുടിയനായി അഭിനയിക്കുന്നത് ശരിയായ രീതിയിൽ ആണോ എന്ന് തോന്നി. അന്ന് ഇന്നത്തെ പോലുള്ള സാങ്കേതിക വിദ്യ ഇല്ല. മോണിറ്റർ സൗകര്യം ഇല്ലാത്തതിനാൽ അഭിനയിച്ച ഭാ​ഗം അപ്പോൾ തന്നെ കണ്ട് വിലയിരുത്താൻ സാധ്യമല്ല

അങ്ങനെ ഷൂട്ട് ചെയ്ത ഭാ​ഗം അന്ന് തന്നെ ചെന്നൈയിലെ ലാബിലേക്ക് അയച്ചു. അവിടുന്ന് എഡിറ്റർ രാജ​ഗോപാൽ അത് പ്രിന്റ് ചെയ്ത് വീണ്ടും കണ്ണൂരിലെ ലൊക്കേഷനിലേക്ക് തിരിച്ചയച്ചു. ഏകദേശം 4 ദിവസമെടുത്തു പ്രിന്റ് കൈയിൽ കിട്ടാൻ. ഇത് കിട്ടിയ ഉടൻ രാവിലെ തന്നെ തൊട്ടടുത്ത തിയേറ്ററിൽ പോയി ഈ പ്രിന്റിട്ട് ഞങ്ങൾ കണ്ടു. ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാൻ മനസിൽ കണ്ടതിലും ഒരു പടി മുകളിലായിരുന്നു ലാലിന്റെ പ്രകടനം. എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു

ഒരു സംവിധായനു മുകളിൽ ആ അഭിനേതാവ് വർക്ക് ചെയ്യുക എന്നത് എല്ലാവർക്കും സാധ്യമല്ല. ഈ ചിത്രത്തിലെ ഓരോ സീനും ശ്രദ്ധിച്ചാൽ അറിയാം മോഹൻലാലിന്റെ അഭിനയ മികവ്. അദ്ദേഹം ശരിക്കും ഡയറക്ടേഴ്സ് ആക്ടർ ആണ്. ഏത് സംവിധായകന്റെ കൈയിൽ എത്തിയാലും മികച്ചതായി വർക്ക് ചെയ്യാൻ അറിയുന്ന മഹാ നടൻ.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.