മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.
ആദ്യ സിനിമയായ മിഴിനീർപൂക്കളിൽ മോഹൻലാൽ ആയിരുന്നു പ്രതിനായകനായെത്തിയത്. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമായത്തുപോലും മോഹൻലാലിന് നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ മടിയുണ്ടായിരുന്നില്ല എന്നാണ് കമൽ പറയുന്നത്.
“മിഴിനീർ പൂക്കളാണ് എൻ്റെ ആദ്യത്തെ സിനിമ. 1986ലാണ് ആ സിനിമ സംഭവിക്കുന്നത്. ശ്രീ സായി പ്രൊഡക്ഷൻസ് നിർമിച്ച ആ സിനിമയിൽ മോഹൻലാൽ, ഉർവശി, ലിസി, നെടുമുടി വേണു, തിലകൻ, ഇന്നസെന്റ് തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു.
സത്യത്തിൽ മോഹൻലാൽ സൂപ്പർ നായകനായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വന്ന ഒരു സിനിമയാണ് മിഴിനീർ പൂക്കൾ. അതിൻറെ ഒരു തുടക്കകാലഘട്ടമാണ്. രാജാവിൻ്റെ മകൻ പോലുള്ള സിനിമകളും അതേ വർഷം തന്നെയാണ് വരുന്നത്.
ലാലിന്റെ പല ഴോണറിൽ പെട്ട ഒരുപാട് സിനിമകൾ വരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. അതിന് മുമ്പ് ശോഭരാജ് പോലുള്ള ആക്ഷൻ ബേസ്‌ഡ് സിനിമയും, ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റ്,. ടി. പി. ബാലഗോപാലൻ എം. എ അങ്ങനെയുള്ള ലൈറ്ററായിട്ടുള്ള സിനിമകളും എന്നാൽ വ്യത്യസ്ത വേഷങ്ങളും ലാൽ ചെയ്‌തിരുന്നു.
വളരെ പോസിറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ ലാൽ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് മിഴിനീർ പൂക്കളിൽ നൂറ് ശതമാനം നെഗറ്റീവായിട്ടുള്ള കഥാപാത്രം ലാൽ അവതരിപ്പിച്ചത്. അതായിരുന്നു ആ സിനിമയുടെ ഒരു പ്രത്യേകതയും.
Read more
പൊതുവെ നായകൻമാരൊക്കെ, പ്രത്യേകിച്ച് ഒരു സൂപ്പർ താരമായി കൊണ്ടിരിക്കുന്ന ഹീറോ ഒരു നെഗറ്റീവ് വേഷം ചെയ്യുന്നത് കുറവായിരുന്നു. മോഹൻലാലിനെ സംബന്ധിച്ച് അത് പ്രശ്‌നമായിരുന്നില്ല. അതായിരുന്നു ആ സിനിമയുടെ പ്രത്യേകതയും.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.